ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ്. 300 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി ചിത്രം ഇൻഡസ്ട്രി ഹിറ്റായി കഴിഞ്ഞു. അതിനും മുൻപേ കേരള ബോക്സ് ഓഫീസിൽ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമായും BKU മാറിയിരുന്നു. ഇപ്പോഴിതാ ഈ ഒന്നാം സ്ഥാനങ്ങൾക്ക് പുറമേ മറ്റൊരു റെക്കോർഡും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.
കേരള ബോക്സ് ഓഫീസ് ഇതുവരെ കാണാത്ത മാന്ത്രികസംഖ്യയിലേക്ക് കളക്ഷൻ ഉയർത്തിയിരിക്കുകയാണ് ബെത്ലഹേം കുടുംബ യൂണിറ്റ് എന്നാണ് ട്രാക്കേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 150 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യമായാണ് ഒരു സിനിമ കേരള ബോക്സ് ഓഫീസിൽ നിന്ന് 150 കോടി കളക്ഷൻ നേടുന്നത്. അതുകൊണ്ട് ബെത്ലഹേം കുടുംബ യൂണിറ്റിന് ഈ റെക്കോർഡ് എക്കാലത്തേക്കും സ്വന്തം.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത ബെത് ലഹേം കുടുംബയൂണിറ്റിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷത്തിലെത്തിയത്. ഓണം റിലീസായി എത്തിയ ചിത്രം മലയാളികൾ ആഘോഷപൂർവ്വമാണ് ഏറ്റെടുത്തത്. നിവിന്റെ ജസ്റ്റിൻ ചേട്ടനും മമിതയുടെ ആഷ്ലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.
ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷൻ ഷാനവാസ്, മീനാക്ഷി രവീന്ദ്രൻ, വിനയ് ഫോർട്ട്, ശ്യാം മോഹൻ തുടങ്ങി ഓരോ അഭിനേതാക്കളുടെയും പെർഫോമൻസും ഡയലോഗുകളും ഏവരും ഏറ്റെടുത്തുകഴിഞ്ഞു. വിഷ്ണു വിജയ് ഒരുക്കിയ സിനിമയിലെ ഗാനങ്ങളെല്ലാം ചാർട്ട്ബസ്റ്ററുകളാണ്. പശ്ചാത്തല സംഗീതവും പ്രേക്ഷകരുടെ ഹൃദയം കവർന്നുകഴിഞ്ഞു.
ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം മറ്റ് ഭാഷകളിലും പ്രേക്ഷകരെ സ്വന്തമാക്കുന്നുണ്ട്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അജ്മൽ സാബു ഛായാഗ്രഹണം ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസാണ് ചെയ്തിരിക്കുന്നത്.
Content Highlights: Bethlehem Kudumba Unit becomes the first movie to collect 150 crores from Kerala box office alone