കിഷ്‌കിന്ധാ കാണ്ഡവും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരും; റിലീസിന് മുൻപേ വിജയരാഘവൻ പറഞ്ഞത് ശരിവെച്ച് പ്രേക്ഷകർ

'ചില സിനിമകളുടെ കാര്യത്തില്‍ മാത്രമേ നമുക്കിത് തോന്നുകയുള്ളു'

മികച്ച വേഷങ്ങളിലൂടെ മലയാളികളെ ഇപ്പോഴും അത്ഭുതപ്പെടുത്തുകയാണ് നടൻ വിജയരാഘവൻ. ഇപ്പോൾ തിയേറ്ററുകളിൽ മികച്ച വിജയം നേടുന്ന ചിത്രമായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിൽ ഹാരിസ് മീരാൻ എന്ന പൊലീസ് കഥാപാത്രമായാണ് നടൻ എത്തിയിരിക്കുന്നത്. ഈ സിനിമ മലയാളത്തിലെ മികച്ച ക്രൈം ത്രില്ലറുകളിലൊന്നാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ. നേരത്തെ കിഷ്‌കിന്ധാ കാണ്ഡത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന അഭിമുഖങ്ങളിൽ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഏറെ ഇഷ്ടപ്പെട്ടുവെന്നും സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നും വിജയരാഘവൻ പറഞ്ഞിരുന്നു. റിലീസിന് ശേഷം ആ വാക്കുകളെ പ്രേക്ഷകരും ശരിവെച്ചിരുന്നു.

സമാനമായ രീതിയിൽ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ PDKയുടെ സ്‌ക്രിപ്റ്റ് തനിക്ക് ഏറെ ഇഷ്ടമായെന്ന് വിജയരാഘവൻ പറഞ്ഞിരുന്നു. ആ വാക്കുകളെ ഇപ്പോൾ പ്രേക്ഷകരും ശരിവെക്കുകയാണ്. രണ്ട് ചിത്രങ്ങളിലും പ്രേക്ഷകർ ഏറ്റവും കൂടുതൽ കയ്യടിച്ച ഘടകവും സ്‌ക്രിപ്റ്റാണ്.

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോഴേ എനിക്ക് ഇഷ്ടപ്പെട്ടു. നേരത്തെ കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ച സമയത്ത് തന്നെ ഇത് നന്നാകും എന്ന് തോന്നിയുരുന്നു. ഈ ചിത്രത്തിന്റെ കാര്യത്തിലും അത് തന്നെ തോന്നി. ചില സിനിമകളുടെ തിരക്കഥ വായിക്കുമ്പോൾ ഇങ്ങനെ തോന്നാറുണ്ട്.

ചില സ്‌ക്രിപ്റ്റുകൾ വായിക്കുമ്പോൾ പടം എങ്ങനെയാകുമെന്ന് നമുക്ക് മനസിലാകില്ല, പക്ഷെ എടുത്ത് കഴിയുമ്പോൾ ഗംഭീരമാകും. ചിലതിന്റെ തിരക്കഥ ഗംഭീരമാണെന്ന് തോന്നും, പക്ഷെ പടം എടുത്ത് വരുമ്പോൾ മോശമാകാറുണ്ട്. പക്ഷെ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരുടെ തിരക്കഥ വായിച്ചപ്പോൾ പടം ഉറപ്പായും വിജയിക്കുമെന്ന് തോന്നി,' വിജയരാഘവൻ പറഞ്ഞു.

Content Highlights: vijayaraghavan about the brilliant scripts of Kishkinda kaandam and pradhama drishtya kuttakkar

To advertise here,contact us