സഹഅഭിനേതാക്കളുടെ കരിയറിൽ നല്ലത് സംഭവിക്കാൻ നിമിത്തമായി തീർന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് പറയുകയാണ് നടി ഉർവശി. കുഞ്ചാക്കോ ബോബൻ, മീര ജാസ്മിന്റെയും കരിയറിൽ നിർണായകമായ സിനിമകളിൽ ഭാഗമായതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും ഉർവശി സംസാരിച്ചു.
സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് ഉർവശി സംസാരിച്ചത്. സിനിമ ഉപേക്ഷിച്ച് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞ കുഞ്ചാക്കോ ബോബൻ മടങ്ങി വരുന്നത് ഉർവശി പ്രധാന വേഷത്തിലെത്തിയ മമ്മി ആന്റ് മീ, സകുടുംബം ശ്യാമള എന്നീ ചിത്രങ്ങളിലൂടെയായിരുന്നു. മീര ജാസ്മിന്റെ കരിയറിൽ അച്ചുവിന്റെ അമ്മ എന്ന ചിത്രം ഏറെ നിർണായകമായ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇക്കാര്യങ്ങളെ കുറിച്ച് ഒരു സംവിധായകൻ തന്നോട് സൂചിപ്പിച്ചുവെന്നാണ് ഉർവശിയുടെ വാക്കുകൾ.
'ഒരിക്കൽ ഒരു ഡയറക്ടർ എന്നോട് കുഞ്ചാക്കോ ബോബന്റെയും മീര ജാസ്മിന്റെയും കരിയറിലെ എന്റെ ഭാഗത്തെ കുറിച്ച് സംസാരിച്ചിരുന്നു. സിനിമ ഉപേക്ഷിച്ച് റിയൽ എസ്റ്റേറ്റിലേക്ക് പോയ ചാക്കോച്ചന്റെ റീഎൻട്രിക്ക് സകുടുംബം ശ്യാമള, മമ്മി ആന്റ മീ എന്നീ ചിത്രങ്ങൾ കാരണമായി. അതിനുശേഷം ചാക്കോച്ചന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൂന്നോളം തലമുറ നായകന്മാർ അതിന് ശേഷം വന്നു. പക്ഷെ ഇപ്പോഴും വളരെ ലാഘവത്തോടെ അദ്ദേഹം ഇൻഡസ്ട്രിയിൽ തുടരുകയാണ്. അതിൽ എനിക്ക് വലിയ സന്തോഷമാണ്.
അതുപോലെ തന്നെയാണ് മീര ജാസ്മിനന്റെ കാര്യവും. നല്ല പടങ്ങളാണ് ചെയ്തിരുന്നതെങ്കിലും അവ തിയേറ്ററിൽ കളക്ഷനില്ലാതെ പോകുന്ന സമയമുണ്ടായിരുന്നു അവരുടെ കരിയറിൽ. വ്യക്തിജീവിതത്തിലും വേദനകളിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. ആ സമയത്താണ് അച്ചുവിന്റെ അമ്മയിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നെ കണ്ടത് അവളുടെ നല്ലൊരു യാത്രയായിരുന്നു.
ഈ രണ്ട് കാര്യങ്ങളെ കുറിച്ച് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അവരുടെ വിജയത്തിൽ നമ്മുടെ പ്രാർത്ഥന കൂടി ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. കൂടെ ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് എന്റെ ഹൃദയത്തിൽ നിന്നും വരുന്ന കാര്യമാണ്. ഇപ്പോൾ ആശയുടെ കാര്യത്തിലും സമാനമായ കാര്യമാണ് സംഭവിച്ചത്. ജോജുവിനെ ഞങ്ങൾ കുടുംബപ്രേക്ഷകർക്ക് നൽകിയത് ഉർവശിയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഉർവശിയില്ലായിരുന്നെങ്കിൽ ജോജുവിന്റെ പടത്തിന് അമ്മൂമ്മയും അമ്മയും മകളും പേരക്കുട്ടിയുമായി വരില്ലായിരുന്നു എന്ന് പറഞ്ഞവരുണ്ട്.
ഒന്നുകിൽ ആണുങ്ങൾ പോയി കണ്ടിട്ട് വന്നിട്ടാകും കുടുംബക്കാരോട് ചിത്രത്തെ കുറിച്ച് പറയുന്നത്. നമുക്ക് പോയി കാണാം എന്ന് പറഞ്ഞേക്കാം. മറ്റു ചില ആണുങ്ങൾ ഭാര്യയെയും കൂട്ടിപോയി കണ്ടേക്കാം. പക്ഷെ അങ്ങനെയുള്ള ഘട്ടത്തിൽ ജോജുവിന്റെ രക്ഷകയായി ഉർവശി എത്തി എന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നാറുണ്ട്. നമ്മൾ മനസിൽ പോലും വിചാരിക്കാത്ത കാര്യമാണല്ലോ. ഈശ്വരൻ നമ്മളിലൂടെ മറ്റൊരാൾക്ക് മാർഗദർശിയായി മാറുന്നതിൽ ഒരുപാട് സന്തോഷമുണ്ട്,' ഉർവശി പറഞ്ഞു.
Content Highlights: Urvasi talks about being able to help Kunchacko Boban and Meera Jasmin unknowingly by acting in certain movies