'പ്രസവിച്ച ഒരു സ്ത്രീയെ ബോഡി ഷെയിം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു?'; വിമർശനവുമായി സൽമാൻ ഖാൻ

പരിപാടിക്കിടയില്‍ തൊപ്പിയും ജാക്കറ്റും ടീ-ഷര്‍ട്ടും ഊരി മാറ്റിയായിരുന്നു താരത്തിന്റെ പ്രതിഷേധം

'പ്രസവിച്ച ഒരു സ്ത്രീയെ ബോഡി ഷെയിം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു?'; വിമർശനവുമായി സൽമാൻ ഖാൻ
dot image

സോഷ്യല്‍ മീഡിയയിലൂടെ പ്രായത്തിന്റെ പേരിലും ശരീര പ്രകൃതിയുടെ പേരിലും സൈബര്‍ ആക്രമണം നേരിടുന്നവര്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. 'ബിഗ് ബോസ് 20'യുടെ ഏറ്റവും പുതിയ 'വീക്കെന്‍ഡ് കാ വാര്‍' എപ്പിസോഡിലാണ് സല്‍മാന്‍ ഖാന്റെ പരസ്യ വിമര്‍ശനം.

ഒരാളുടെ ശരീരഭാരത്തെക്കുറിച്ചോ, ലുക്കിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ, വയസ്സിനെക്കുറിച്ചോ, അമ്മയാകുന്നതിനെക്കുറിച്ചോ പരിഹസിക്കുന്നത് നിങ്ങളെ വളര്‍ത്തിയതിന്റെ ഗുണനിലവാരമാണെന്ന് താരം പറഞ്ഞു. തനിക്ക് 60 വയസ്സായെന്നും പതിറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന അതേ രൂപം ഇപ്പോഴും നിലനിര്‍ത്താനാവില്ലെന്നും അദ്ദേഹം ട്രോളന്മാരെ ഓര്‍മിപ്പിച്ചു. പരിപാടിക്കിടയില്‍ തൊപ്പിയും ജാക്കറ്റും ടീ-ഷര്‍ട്ടും ഊരി മാറ്റിയ താരം, മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വിളിച്ച് തന്റെ മുഖത്തെ മേക്കപ്പ് തുടച്ചു കളയുകയും ചെയ്തു.

'ഒരു വ്യക്തിയുടെ ശരീരഭാരത്തെക്കുറിച്ചോ, ലുക്കിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ, വയസ്സിനെക്കുറിച്ചോ, അമ്മയാകുന്നതിനെക്കുറിച്ചോ പരിഹസിക്കുന്നത് നിങ്ങളെ വളര്‍ത്തിയതിന്റെ ഗുണനിലവാരമാണ് കാണിക്കുന്നത്. എനിക്ക് 60 വയസ്സായി, അതെന്റെ യാഥാര്‍ഥ്യമാണ്. എല്ലായ്പ്പോഴും 'മേംനേ പ്യാര്‍ കിയ' സിനിമയിലെ പഴയ സല്‍മാന്‍ ഖാനായി ഇരിക്കാന്‍ എനിക്ക് കഴിയില്ല.

ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ ശരീരത്തില്‍ മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. അവരത് ആര്‍ക്കും മുന്നിലും തെളിയിക്കേണ്ടതില്ല. സിനിമകളിലേക്ക് തിരിച്ചെത്തുമ്പോള്‍ അവര്‍ വീണ്ടും ഫിറ്റാകും, എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹം. പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നത് ?-സല്‍മാന്‍ ഖാന്‍ ചോദിച്ചു. പേരെടുത്തു പറഞ്ഞില്ലെങ്കിലും പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയതിന്റെ പേരില്‍ കഠിനമായ സൈബര്‍ ആക്രമണം നേരിട്ട കത്രീന കൈഫിനെയും സല്‍മാന്‍ പിന്തുണച്ചു.

മറ്റുള്ളവരെ പരിഹസിക്കുന്നതിന് മുന്‍പ് സ്വന്തം ജീവിതത്തിലേക്കും ആരോഗ്യത്തിലേക്കും നോക്കാന്‍ ഉപദേശിച്ച താരം, റീച്ചുകള്‍ക്കും ലൈക്കുകള്‍ക്കും വേണ്ടി വ്യക്തിഹത്യ നടത്തുന്ന മാനസികാവസ്ഥ തിരുത്തണമെന്നും ഓര്‍മിപ്പിച്ചു.

Content Highlights: Bollywood star Salman Khan extends support to those facing cyberbullying on social media due to their age or physique.

dot image
To advertise here,contact us
dot image