2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം 'ജയിലറി'ന്റെത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോഡുകൾ തകർത്താണ് മുന്നേറിയത്. സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയിലെ കഥാപാത്രങ്ങളുടെ ഇൻട്രോ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. സുരാജ് വെഞ്ഞാറമൂട് ദിലീപ് എന്ന കഥാപാത്രമായെത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ എസ്.ജെ സൂര്യയുടെ കാരക്ടർ പോസ്റ്റും പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ നടി വിദ്യ ബാലന്റെ കഥാപാത്രത്തെയും പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘കാന്ത’ എന്നാണ് ചിത്രത്തിൽ വിദ്യ ബാലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബോൾഡ് കഥാപാത്രത്തെ ആയിരിക്കും സിനിമയിൽ വിദ്യ അവതരിപ്പിക്കുക. കയ്യിൽ സിഗരറ്റുമായി തമിഴിൽ ഡയലോഗ് പറയുന്ന താരത്തിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. ജയിലർ ആദ്യ ഭാഗത്തിൽ മാത്യു എന്ന കഥാപാത്രമായി കാമിയോ റോളിലെത്തി മോഹൻലാൽ ഞെട്ടിച്ചിരുന്നു.
രണ്ടാം ഭാഗത്തിലും നടൻ എത്തുന്നുണ്ട്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ചിത്രത്തിൽ ബോളിവുഡ് താരം ഹൃത്വിക് റോഷനും ഒരു കാമിയോ വേഷത്തിൽ വരുന്നുണ്ട്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2.
അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. ഈ വർഷം ഒക്ടോബർ 15 ന് ചിത്രം ആഗോള റിലീസ് ആയി തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോ വീഡിയോ നിറഞ്ഞ് നിൽക്കുന്നത് മുഴുവൻ മലയാളി താരങ്ങൾ ആണ്. സുനിൽ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നിവരെ പ്രൊമോയിൽ കാണാം.
Content Highlights: Vidya Balan’s mass entry in Jailer 2 has drawn attention after the film’s intro video surfaced online. The video featuring the actor has been gaining traction among fans and social media users.