'ഉർവശി ചേച്ചിയുടെ വിശദീകരണം വിഷമിപ്പിച്ചു, ഇപ്പോൾ പ്രതികരിക്കാൻ തീരുമാനിച്ചതിന് കാരണമുണ്ട്': അവതാരക ദക്ഷ

എന്തുകൊണ്ടാണ് പരിപാടിയിൽ വെച്ച് ഇംഗ്ലിഷിൽ കൂടി സംസാരിച്ചത് എന്നും ദക്ഷ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്

ആശ സിനിമയുടെ ലോഞ്ച് ഇവന്റിൽ ഇംഗ്ലിഷിൽ സംസാരിച്ച അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ ഉർവശി ആവശ്യപ്പെട്ട രീതി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചിരുന്നത്. സദസിലുണ്ടായിരുന്നവരുടെ ആവശ്യപ്രകാരമാണ് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടത് എന്ന് കഴിഞ്ഞ ദിവസം ഉർവശി വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പരിപാടിയുടെ അവതാരകയായിരുന്ന ദക്ഷ രവീന്ദ്രനാഥ്.

ഉർവശിയുടെ ഈ പ്രതികരണം തന്നെ കൂടുതൽ വേദനിപ്പിച്ചുവെന്നും ഇത്രയും നാൾ തമാശയായി പലതിനെയും കാണാൻ ശ്രമിച്ചെന്നും ഇനി അതിന് സാധിക്കില്ലെന്നുമാണ് ദക്ഷ രവീന്ദ്രനാഥ് പറയുന്നത്. പരിപാടിയിൽ ഇംഗ്ലിഷിൽ സംസാരിച്ചത് എന്തുകൊണ്ടാണെന്നും വീഡിയോയിൽ ദക്ഷ വിശദീകരിക്കുന്നുണ്ട്.

'ആശ സിനിമയുടെ പ്രീലോഞ്ച് ഇവന്റിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളെ ആദ്യ ഘട്ടത്തിൽ ഞാനും തമാശയായാണ് കണ്ടത്. പക്ഷെ ഇപ്പോൾ ഇത്ര വർഷമായി ഞാൻ ഉണ്ടാക്കിയെടുത്ത കരിയറിനെയും എന്റെ മെന്റൽ ഹെൽത്തിനെയും വരെ ബാധിക്കുമെന്ന് തോന്നുന്നതിനാലാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത്.

ഉർവശി എന്ന ലെജന്ററി അഭിനേതാവാണ് ഈ വിഷയത്തിൽ ഓപ്പോസിറ്റ് ഉണ്ടായിരുന്നത്. എല്ലാവരെയും പോലെ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന നടി തന്നെയാണവർ. മാത്രമല്ല ഒരു സിനിമയുടെ റിലീസ് സമയത്ത് വിവാദങ്ങൾ കൂടുതലായി ഉണ്ടാകാറുമുണ്ട്. ഇതെല്ലാം കൊണ്ട് കൂടിയാണ് കൂടുതൽ പ്രതികരിക്കാതിരുന്നത്.

പക്ഷെ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഉർവശി ചേച്ചി പറഞ്ഞ ചില കാര്യങ്ങൾ എന്നെ വല്ലാതെ വേദനിച്ചു. ലോഞ്ച് ഇവന്റിൽ സദസിലുണ്ടായിരുന്ന ഒരു അമ്മ മലയാളത്തിൽ പറയൂ എന്ന ആംഗ്യം കാണിച്ചത് കണ്ടാണ് താൻ അന്ന് അങ്ങനെ പറഞ്ഞത് എന്നായിരുന്നു ഉർവശി ചേച്ചി അഭിമുഖത്തിൽ പറഞ്ഞത്. എന്തുകൊണ്ടോ എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ പ്രശ്‌നമായിരിക്കാം.

സ്റ്റേജിൽ നിന്നും ബാരിക്കേഡ് കെട്ടി തിരിച്ചിടത്താണ് ആളുകൾ നിന്നിരുന്നത്. അവിടെ നിന്ന് ഒരാൾ ചുണ്ട് കൊണ്ട് കാണിക്കുന്നത് കാണാൻ കഴിയുമോ എന്ന് എനിക്കറിയില്ല. മാത്രമല്ല, ഓഡിയൻസിന്റെ ഭാഗത്ത് നിന്നും വന്ന ഒരു റിക്വസ്റ്റിനോട് ചേച്ചി പ്രതികരിക്കുകയായിരുന്നു എന്ന് പരിപാടിയുടെ വീഡിയോകൾ കണ്ടാൽ ഒരിടത്തും തോന്നുകയുമില്ല.

ഇനി ഓഡിയൻസിന്റെ ഭാഗത്ത് നിന്നും വന്ന റിക്വസ്റ്റ് ആണെങ്കിൽ തന്നെ ഉർവശി ചേച്ചിയ്‌ക്കോ പരിപാടിയുടെ ഓർഗനൈസേഴ്‌സിൽ ആർക്കെങ്കിലുമോ എന്നോട് അത് അടുത്തേക്ക് വിളിച്ച് പറയാമായിരുന്നു. ഇതൊരു തമാശയായി മാത്രം കാണാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ എന്നോട് പറഞ്ഞ ടോണിന്റെ പ്രശ്‌നമാകാം അത് സാധിക്കുന്നില്ല.

എന്തിനാണ് ഈ ഇവന്റിൽ ഇംഗ്ലിഷിൽ സംസാരിച്ചത് എന്ന് ചോദിക്കുന്നവരുണ്ട്. അതിന് കുറച്ച് കാരണങ്ങളുണ്ട്. ആശ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രമാണ് എന്നതാണ് ഒന്ന്. ഇവന്റ് നടന്ന ലുലുമാളിൽ കേരളത്തിന് പുറത്തുനിന്നുള്ള ഒരുപാട് ആളുകൾ വരുന്നതാണ്. അവർ കൂടി ഓഡിയൻസിലുണ്ടാകാറുണ്ട്. ഇതിനേക്കാളെല്ലാം ഉപരിയായി സംഘാടകർ എന്നോട് ഇംഗ്ലിഷിലും മലയാളത്തിലുമായി സംസാരിക്കാനാണ് ആവശ്യപ്പെട്ടത്. അത് അനുസരിച്ചാണ് ഞാൻ അവതരിപ്പിച്ചത്.

വിഷമമായെങ്കിൽ എന്തുകൊണ്ട് അപ്പോൾ പ്രതികരിച്ചില്ല എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്, ആ സന്ദർഭത്തിൽ മറ്റെന്താണ് എനിക്ക് ചെയ്യാനാവുക എന്നാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കഠിനാധ്വാനവും ദൈവാനുഗ്രഹവും കൊണ്ട് ആയിരത്തിലധികം പരിപാടികൾക്ക് ആങ്കർ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഈ എക്‌സ്പീരിയൻസിൽ നിന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ള കാര്യം നമ്മുടെ വ്യക്തിപരമായ വികാരങ്ങൾക്ക് സ്റ്റേജിൽ പ്രസക്തി നൽകാനാകില്ല എന്നാണ്. പ്രോഗ്രാം ആദ്യാവസാനം ഏറ്റവും മനോഹരമായി അവതരിപ്പിച്ച് വിജയിപ്പിക്കുക എന്നതാണ് ഒരു ആങ്കറുടെ ജോലി എന്നാണ് ഞാൻ മനസിലാക്കുന്നത്. അതുകൊണ്ടാണ് ആ സമയത്ത് കൂളായി പ്രതികരിക്കാൻ ശ്രമിച്ചത്.

ആങ്കറിംഗ് എന്റെ വരുമാന മാർഗം കൂടിയാണ്. അതിനെ കൂടി ബാധിക്കാൻ തുടങ്ങിയിരിക്കുന്നതിനാലാണ് ഇപ്പോൾ ഇങ്ങനെ പ്രതികരിച്ചത്. സപ്പോർട്ട് ചെയ്ത് സംസാരിച്ച എല്ലാവർക്കും നന്ദി,' ദക്ഷ രവീന്ദ്രനാഥ് പറഞ്ഞു.

Content Highlights : English speaking controversy at Uravasi's Aasha movie launch event, anchor Daksha Ravindranath responds

To advertise here,contact us