പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം നടത്തി ഒരു സൂപ്പർഹിറ്റ് നേടിയിരിക്കുകയാണ് നടൻ മാത്യു തോമസ്. സിനിമ വിട്ട് താൻ എവിടെയും പോയിട്ടില്ലായിരുന്നുവെന്നും അടുത്തിടെ താൻ അഭിനയിച്ച സിനിമകൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലായെന്നും മാത്യു പറഞ്ഞു. തന്റെ അഭിനയം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ ഇനി വരുന്ന സിനിമകളിലൂടെ തെരരഞ്ഞെടുക്കാൻ ശ്രമിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് മാത്യു ഇക്കാര്യം പറഞ്ഞത്.
'കംബാക്ക് ചെയ്യാൻ ഞാൻ എവിടെയും പോയിട്ടില്ലായിരുന്നു. ഞാൻ ഈയടുത്ത് ചെയ്ത സിനിമകൾ ആളുകളുടെ ഒരു എക്സ്പെക്റ്റേഷനിലേക്ക് എത്താൻ പറ്റിയിട്ടില്ല എന്ന് തോന്നുന്നു. അതുകൊണ്ട് ആളുകളുടെ എക്സ്പെക്റ്റേഷൻ മീറ്റ് ചെയ്യുന്ന, അതേസമയം അവർക്ക് എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു സിനിമ കുറച്ചുകാലത്തിന് ശേഷം ചെയ്യാൻ പറ്റി എന്നതിൽ സന്തോഷമുണ്ട്. പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണങ്ങളൊക്കെ കേൾക്കുമ്പോൾ അതിലേറെ സന്തോഷം, കാരണം നമുക്ക് നല്ലത് വരണമെന്ന് കുറെപ്പേർ ആഗ്രഹിക്കുന്നുണ്ടല്ലോ എന്നത് സന്തോഷമുള്ള കാര്യമാണ്', മാത്യു പറഞ്ഞു.
'ഇപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അഭിനന്ദനങ്ങൾക്കൊക്കെ നന്ദി പറയേണ്ടത് പ്രഥമദൃഷ്ട്യായുടെ സംവിധായകൻ ഷഹദിനോടാണ്. കാരണം ഈയൊരു പോലീസ് വേഷം ഞാൻ ചെയ്താൽ നന്നാവും എന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് പ്രധാനം, അതില്ലായിരുന്നെങ്കിൽ ആ ഒരു റോൾ ഞാൻ ചെയ്യില്ലായിരുന്നു. ഇത്രയും നല്ലൊരു ക്രൂവിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു. നമ്മളെ സിനിമയിൽ മോശമായി പ്രസന്റ് ചെയ്യില്ലെന്നും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പറഞ്ഞുതരുമെന്നും അറിയാമായിരുന്നു. ഇനിയും നല്ല സിനിമകളുടെ ഭാഗമാവാൻ തന്നെയാണ് ശ്രമിക്കുന്നത്. കിട്ടുന്ന കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ ചെയ്യാൻ വേണ്ടി ശ്രമിക്കും'.
അതേസമയം, ഇപ്പോഴും മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളിൽ വിജയകുതിപ്പ് തുടരുകയാണ്. ചിത്രത്തിലെ ഓരോ പെർഫോമൻസുകൾക്കും വലിയ കയ്യടിയാണ് ഉയരുന്നത്. നായികയായ പാർവതി മുതൽ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ മാത്യു തോമസ് അടക്കം ഓരോരുത്തരും തങ്ങളുടെ ഭാഗം ഏറ്റവും ഗംഭീരമായി തന്നെ സ്ക്രീനിലെത്തിച്ചു എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. വിജയരാഘവൻ, ഉണ്ണിമായ, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനവും സിനിമയെ ശക്തമാക്കുന്നു എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. പി എസ് സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Content Highlights: Mathew Thomas opens about his comeback in malayalam cinema