റെക്കോർഡുകൾ തകരണം; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വിജയത്തിൽ പൃഥ്വിരാജ്

ഒരു മാസത്തിനുള്ളിൽ മറ്റൊരു ചിത്രം വന്ന് ആ റെക്കോർഡും തകർക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയുടെ വിജയത്തിൽ സന്തോഷം പങ്കുവെക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയിൽ തുടർച്ചയായി പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഇൻഡസ്ട്രിയുടെ വളർച്ചയ്ക്ക് ഗുണകരമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ‘ദായ്റ’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ബെത്‌ലഹേം സൂപ്പർ ഹിറ്റായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പണ്ട് ‘ഇൻഡസ്ട്രി ഹിറ്റ്’ എന്ന് വിളിച്ചിരുന്ന ഒരു പ്രയോഗം ഉണ്ടായിരുന്നു. സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രത്തെയാണല്ലോ അങ്ങനെ വിളിക്കുന്നത്. പണ്ട് മലയാള സിനിമയിൽ 10–12 വർഷത്തിലൊരിക്കൽ മാത്രമായിരുന്നു ഇൻഡസ്ട്രി ഹിറ്റുകൾ സംഭവിച്ചിരുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അഞ്ച് ഇൻഡസ്ട്രി ഹിറ്റുകൾ ഉണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മലയാള സിനിമയിൽ ഒരു റെക്കോർഡ് ഉണ്ടാകുന്നു, രണ്ട് മാസത്തിനുള്ളിൽ മറ്റൊരു ചിത്രം ആ റെക്കോർഡ് തകർക്കുന്നു. വീണ്ടും രണ്ട് മാസത്തിന് ശേഷം വേറൊരു സിനിമ വന്ന് ആ റെക്കോർഡ് തകർക്കുന്നു. ഇതൊക്കെ ഒരു സിനിമാ ഇൻഡസ്ട്രിക്ക് സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണ്.

ലോക സൃഷ്ടിച്ച റെക്കോർഡിനെ ബെത്‌ലഹേം മറികടക്കാൻ പോകുന്നു എന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഒരു മാസത്തിനുള്ളിൽ മറ്റൊരു ചിത്രം വന്ന് ആ റെക്കോർഡും തകർക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. അത് ആരുടേതായാലും ശരി. അങ്ങനെ സംഭവിക്കുമ്പോഴാണ് നമ്മുടെ ഇൻഡസ്ട്രി വളരുന്നതും കൂടുതൽ സാധ്യതകൾ വളരുന്നതും,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlights: Prithviraj shares his thoughts on the growth of Malayalam cinema as the film Bethlehem continues its journey forward. The actor highlights the changing landscape and wider reach of Malayalam films.

To advertise here,contact us