മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു തുടക്കം. ജൂഡ് ആന്തണിയാണ് ചിത്രത്തിന്റെ സംവിധായകന്. സിനിമയുടെ പ്രമോഷൻ പരിപാടികളിലെ നടിയുടെ ബോഡി ലാംഗ്വേജിന് നിരവധി ട്രോളുകൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയുടെ പ്രസ് മീറ്റിലെ തന്റെ ബോഡി ലാംഗ്വേജിനെക്കുറിച്ചും ട്രോളുകളെക്കുറിച്ചും തുറന്ന് പറയുകയാണ് വിസ്മയ മോഹൻലാൽ. ക്യാമറകൾക്കും വലിയ ജനക്കൂട്ടത്തിനും മുന്നിൽ അനുഭവപ്പെട്ട ഭയത്തെയും നെർവസ്നെസിനെയും അതിജീവിച്ചാണ് താൻ സംസാരിച്ചതെന്നും, സമ്മർദ്ദം കുറയ്ക്കാൻ ശരീരം ചലിപ്പിച്ചതിനെ ആളുകൾ പലരീതിയിൽ വ്യാഖ്യാനിച്ചെങ്കിലും സ്വന്തം പേടിയെ നേരിടാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ അഭിമാനമുണ്ടെന്നും വിസ്മയ മോഹൻലാൽ റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എനിക്ക് സ്റ്റേജിൽ കയറി നിൽകുമ്പോൾ പേടി തോന്നാറുണ്ട്. ചെറിയ കൂട്ടത്തിൽ നിൽകുമ്പോൾ തന്നെ ഞാൻ നെര്‍വസ് ആകുന്നുണ്ട്. അന്ന് പ്രസ്സ്മീറ്റിന് പോയപ്പോൾ ഇതിലും വലിയ കൂട്ടമാണ്. കുറെ കാമറ ഉണ്ട്, അതുമാത്രമല്ല ഞാൻ സംസാരിക്കുകയും വേണം. എന്താണ് സംസാരിക്കേണ്ടത് എന്ന് എനിക്ക് അറിയില്ല. ഞാൻ നെര്‍വസ് ആകുമ്പോൾ ഞാൻ മൂവ് ചെയ്യും. ഞാൻ എന്റെ ടെൻഷൻ കുറയ്ക്കാൻ അങ്ങനെയാണ് ചെയ്യുന്നത്. എന്റെ ശരീരത്തിലെ ടെൻഷൻ പോകാൻ വേണ്ടി ഞാൻ ചെയ്യുന്ന കാര്യമാണ് അത്. ആളുകൾ അതിനെ പലതും പറയുന്നതായി ഞാൻ കേട്ടിരുന്നു. പക്ഷെ എന്റെ സംബന്ധിച്ച് അതൊരു അഭിമാന നിമിഷമാണ്, ഞാൻ എന്റെ ഏറ്റവും വലിയ പേടിയെ ഫേസ് ചെയ്തു,' വിസ്മയ മോഹൻലാൽ പറഞ്ഞു.
അതേസമയം, തുടക്കം മികച്ച പ്രേക്ഷക പ്രതികരണം നേടികൊണ്ടിരിക്കുന്ന ചിത്രം രണ്ടാം വാരവും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ആദ്യദിനം 3 കോടി ആഗോള കളക്ഷന്‍ നേടിയ ചിത്രം നിലവില്‍ 15 കോടിക്ക് മുകളില്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്റണി പെരുമ്പാവൂരിന്റെ മകന് ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. കൂടാതെ മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിസ്മയയുടെയും ആശിഷിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റിവ് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
Content Highlights: Vismaya Mohanlal has responded to social media trolling and comments targeting her body language, addressing the criticism and sharing her perspective on the issue.