തുടക്കം വിസ്മയ്ക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയല്ല, മായ വന്ന ശേഷമാണ് 'മെസി' വരുന്നത്:ജൂഡ് ആന്തണി ജോസഫ്

'ഇതിന് മുൻപ് കുറച്ച് കഥകൾ വിസ്മയയോടും സുചിത്ര ചേച്ചിയോടും പറഞ്ഞിരുന്നു. പക്ഷെ അത് വർക്കായില്ല'

തുടക്കം സിനിമയിലേക്ക് വിസ്മയ മോഹൻലാൽ എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. തുടക്കം വിസ്മയക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയല്ലെന്ന് ജൂഡ് പറഞ്ഞു. തിരക്കഥ നേരത്തെ തന്നെ തയ്യാറാക്കിയതാണെന്നും പിന്നീട് ഈ കഥ വിസ്മയക്കും സുചിത്ര മോഹൻലാലിനും ഇഷ്ടമാവുകയായിരുന്നു എന്നും ജൂഡ് കൂട്ടിച്ചേർത്തു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മീനു എന്ന കഥാപാത്രത്തിന് വിസ്മയ കറക്ടായിരിക്കുമെന്ന തോന്നുന്ന ഘട്ടത്തിലാണ് ഈ പ്രൊജക്ട് ഓൺ ആകുന്നത്. പക്ഷെ ഇത് വിസ്മയ്ക്ക് വേണ്ടി എഴുതിയ സിനിമയല്ല. ഇതിന് മുൻപ് കുറച്ച് കഥകൾ വിസ്മയയോടും സുചിത്ര ചേച്ചിയോടും പറഞ്ഞിരുന്നു. പക്ഷെ അത് വർക്കായില്ല. പിന്നീടാണ് തുടക്കത്തിലേക്ക് എത്തുന്നത്.

ഈ കഥാപാത്രത്തിന് ഞാൻ ആദ്യം ഇട്ടിരുന്ന പേര് മായ എന്നായിരുന്നു.വിസ്മയ തന്നെയാണ് മറ്റൊരു പേര് ആക്കുന്നതല്ലേ നല്ലതെന്ന് ചോദിക്കുന്നത്. അങ്ങനെ മീനു എന്ന പുതിയ പേരിട്ടു. മായയെ ഞാൻ കാണുന്നതിന് മുൻപേ തുടക്കത്തിന്റെ തിരക്കഥ പൂർത്തിയായിരുന്നു.

പിന്നീട് മായ സിനിമയിലേക്ക് വന്ന ശേഷം ചില ചെറിയ കൂട്ടിച്ചേർക്കലുകൾ നടത്തി. അതിലൊന്നാണ് നായക്കുട്ടി. മായക്ക് ഡോഗിനോടുള്ള ഇഷ്ടം മനസിലാക്കിയ ശേഷമാണ് പടത്തിലേക്ക് ഒരു നായയെ ഞാൻ ആലോചിക്കുന്നത്. മായക്ക് കംഫർട്ടബിളാകുന്ന ഒരു എലമെന്റ് പടത്തിൽ ഉണ്ടാകട്ടെ എന്ന് കൂടി കരുതിയിരുന്നു.

മായ സെറ്റിൽ ഏറ്റവും ആദ്യം കൂട്ടായത് മെസിയുമായിട്ടായിരിക്കും. മെസി എന്നത് ആ നായയുടെ ശരിക്കുള്ള പേരായിരുന്നു. ആദ്യം സിനിമയിലേക്കായി വേറെ പേരിട്ടെങ്കിലും ആ പേര് വിളിച്ചാൽ ഇവൻ കേൾക്കില്ലായിരുന്നു. അങ്ങനെ സിനിമയിലും പേര് മെസി എന്ന് തന്നെയാക്കി,' ജൂഡ് ആന്തണി ജോസഫ്.

Content Highlights: Jude Anthany Joseph says Thudakkam is not made for Vismaya Mohanlal. The script was already done and Vismaya came to the picture later.

To advertise here,contact us