ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ടോക്സിക്'ലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും അതിനോട് ഭാര്യ രാധിക പണ്ഡിറ്റ് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ചും മനസ്സ് തുറന്ന് കന്നഡ സൂപ്പർതാരം യഷ്. ഇത്തരം രംഗങ്ങൾ കാണുമ്പോൾ പങ്കാളിക്ക് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഒരു നടി കൂടിയായ രാധികയ്ക്ക് കഥാപാത്രത്തെയും വ്യക്തിയെയും വേർതിരിച്ചു കാണാനുള്ള പക്വതയുണ്ടെന്നും യഷ് 'ആപ് കി അദാലത്' എന്ന അഭിമുഖ പരിപാടിയിൽ പറഞ്ഞു.
'ഏതൊരു പങ്കാളിക്കും ഇത് കണ്ടാൽ അസ്വസ്ഥത തോന്നും, അതിൽ കള്ളം പറയേണ്ടതില്ല. രാധികയ്ക്കും ഇതിൽ പൂർണ്ണ സന്തോഷം കാണില്ല. എന്നാൽ ഇതൊരു കലയാണെന്നും സിനിമയുടെ കഥയ്ക്ക് അത് അനിവാര്യമാണെന്നും നമ്മൾ തിരിച്ചറിയണം. ഒരു അഭിനേതാവ് എന്ന നിലയിൽ ഞാനും എന്റെ സുരക്ഷിത വലയത്തിന് പുറത്തുകടന്നാണ് ഇത് ചെയ്തത്. രാധികയും ഒരു നടിയാണ്; അതിനാൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് അവളുടെ ഭർത്താവല്ല, കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടൻ മാത്രമാണെന്ന് മനസ്സിലാക്കാനുള്ള പക്വത അവൾക്കുണ്ട്. എന്നെ അവൾക്ക് പൂർണ്ണ വിശ്വാസമുണ്ട്,' യഷ് പറഞ്ഞു.
തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തില് ഇരട്ട വേഷത്തിലാകും യഷ് എത്തുന്നത്. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്.
Content Highlights: Actor Yash has revealed his wife’s reaction to the bold scenes in Toxic, offering insight into how she responded to the controversial and intimate moments featured in the film.