മമിതയുടെ കരിയർ മാറ്റിയ സൂപ്പർ ശരണ്യ; സെറ്റിൽ ചെറിയ പ്രശ്നക്കാരിയായിരുന്നു, ഓർമകൾ പങ്കിട്ട് നടി

'സൂപ്പർ ശരണ്യയിൽ അഭിനയിക്കുമ്പോൾ വളരെ ചെറുപ്പമായതുകൊണ്ട് പ്രായത്തിന്റേതായ ചില പക്വത കുറവുകൾ ഉണ്ടായിരുന്നു'

ഗിരീഷ് എ. ഡി. സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ക്യാമ്പസ് കോമഡി ചിത്രമായ 'സൂപ്പർ ശരണ്യ'യിൽ 'സോന' എന്ന കഥാപാത്രത്തെയാണ് മമിത ബൈജു അവതരിപ്പിച്ചത്. നായികയായ ശരണ്യയുടെ തന്റേടിയായ കൂട്ടുകാരിയായി മികച്ച പ്രകടനം കാഴ്ചവെച്ച മമിത, തന്റെ തമാശ നിറഞ്ഞ സംഭാഷണ ശൈലിയും ടൈമിങ്ങും കൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും മനസ്സ് കീഴടക്കുകയും സിനിമയിലെ പ്രധാന ആകര്‍ഷണമായി മാറുകയും ചെയ്തു. ഇപ്പോഴിതാ ആ സമയത്ത് താൻ കുറച്ച് പ്രശ്നക്കാരി ആയിരുന്നുവെന്ന് പറയുകയാണ് നടി.

‘ഗിരീഷേട്ടന്റെ ഒരു സിനിമയിൽ അഭിനയിക്കുക, അല്ലെങ്കിൽ അദ്ദേഹത്തിന്റെ മേക്കിംങ് രീതികൾ എങ്ങനെയാണെന്ന് അറിയുക എന്നൊക്കെ ഉള്ള ആഗ്രഹത്തോടെയാണ് ഞാൻ സൂപ്പർ ശരണ്യ ചെയ്യുന്നത്. പക്ഷെ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കസമയത്ത് ഞാൻ കുറച്ച് പ്രശ്നക്കാരിയായിരുന്നു. കാരണം അതുവരെ ഞാൻ ചെയ്ത കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമായിരുന്നു സോന, ഈ റോൾ കുറച്ചു കുടി റെസ്പോൺസിബിൾ ആയിരുന്നു. പിന്നെ ഭാഷയും ഒരു പ്രശ്നമായിരുന്നു. ഞാൻ കോട്ടയംകാരിയാണ്, പക്ഷെ കഥാപാത്രം കൊച്ചി സ്ലാങ് പറയേണ്ടതുകൊണ്ട് കോട്ടയം ഭാഷ മാറ്റി കൊച്ചി സ്ലാങ്ങിലേക്ക് ആക്കേണ്ടതുണ്ടായിരുന്നു. സൂപ്പർ ശരണ്യയിൽ അഭിനയിക്കുമ്പോൾ വളരെ ചെറുപ്പമായതുകൊണ്ട് പ്രായത്തിന്റേതായ ചില പക്വത കുറവുകൾ ഉണ്ടായിരുന്നു.

ആ സമയത്ത് എനിക്ക് ഒരു പതിനെട്ട് പത്തൊമ്പത് വയസേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കുറുമ്പ് കുറച്ച് കൂടുതലായിരുന്നു. കാര്യങ്ങളിൽ ശ്രദ്ധ കുറച്ച് കുറവായിരുന്നു. എന്നാൽ ഒരു രണ്ടാഴ്ചയൊക്കെ കഴിഞ്ഞപ്പോൾ കാര്യങ്ങൾ മനസിലായി. തുടക്കത്തിൽ ഒക്കെ ഗിരീഷേട്ടൻ വന്ന് എന്ത് ചെയ്യണമെന്ന് പറഞ്ഞു തരുമായിരുന്നു. പിന്നീട് എനിക്ക് മനസിലായി ചേട്ടന് എന്റെ കഥാപാത്രം എങ്ങനെയാണ് വേണ്ടതെന്ന്, ആ മീറ്റർ എനിക്ക് പിടികിട്ടി. പിന്നെ ചേട്ടൻ തന്നെ നീ ചെയ്തോ, എന്തെങ്കിലും കറക്ഷൻ ഉണ്ടെങ്കിൽ പറഞ്ഞുതരാം എന്നായി,’ മമിത പറഞ്ഞു.

Content Highlights: Actress Mamitha Baiju recalls her memorable experiences and nostalgic moments from the Malayalam film Super Sharanya, sharing memories associated with the movie and its journey.

To advertise here,contact us