'സംയുക്ത വഴി മഞ്ജു ചേച്ചി നൽകിയ കഥാപാത്രം, നന്ദിയുണ്ട്'; നീറുന്ന വേദനയിലും അഭിനയത്തിലേക്ക് തിരിച്ചെത്തി രഹ്ന

'ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫോം ചെയ്യുക ബുദ്ധിമുട്ടാണ്'

'സംയുക്ത വഴി മഞ്ജു ചേച്ചി നൽകിയ കഥാപാത്രം, നന്ദിയുണ്ട്'; നീറുന്ന വേദനയിലും അഭിനയത്തിലേക്ക് തിരിച്ചെത്തി രഹ്ന
dot image

നടൻ കലാഭവൻ നവാസിന്റെ അകാല വിയോഗത്തിന്റെ വേദനയിൽ നിന്നും പതിയെ പതിയെ കരകയറുകയാണ് കുടുംബം. ഉള്ള് നീറുമ്പോഴും ചിരിക്കാൻ താൻ പഠിക്കുകയാണെന്നാണ് ഭാര്യ രഹ്ന സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഹാപ്പി ലൂപ്പ് എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചാണ് രഹ്ന അനുഭവം പങ്കുവെക്കുന്നത്.

ഈ സിനിമയിലേക്ക് തനിക്ക് അവസരം നൽകിയതിന് സംയുക്ത വർമയോടും മഞ്ജു വാര്യരോടും രഹ്ന പ്രത്യേകം നന്ദി അറിയിച്ചു. സംവിധായകൻ ആനന്ദ് മേനോനടക്കമുള്ളവരോട് തനിക്ക് വീണ്ടും അഭിനയിക്കാനുള്ള ശക്തിയില്ലെന്ന് പറഞ്ഞിരുന്നെങ്കിലും അവർ തനിക്ക് വലിയ പിന്തുണ നൽകിയെന്ന് രഹ്ന പറഞ്ഞു.

'ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫോം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ നൽകിയത്. എനിക്ക് വർക്ക് ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും ഡയറക്ടർ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു.

പക്ഷെ അവർ എല്ലാരും വളരെയധികം എന്നെ സപ്പോർട്ട് ചെയ്തു. ഈ ക്യാരക്ടർ ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. നവാസ്‌ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ മുഴുവൻ ക്രൂവിനോടും എന്റെ നന്ദി അറിയിക്കുന്നു,' രഹ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഹാപ്പി ലൂപ്പ്. ഗൗതമന്റെ രഥം, വാഴ 1 എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ ഒരുക്കുന്ന ചിത്രമാണിത്. മഞ്ജു വാരിയർക്കൊപ്പം മുകേഷ്, ജെ പി തുമിനാട്, മധു വാരിയർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഗൗതം ശങ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ കണ്ണൻ മോഹൻ. സംഗീതം ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപും ചേർന്നാണ് ഒരുക്കുന്നത്.

Content Highlights: Kalabhavan Navas's wife Rahna shares an emotional note about acting in Manju Warrier starrer movie Happy Loop

dot image
To advertise here,contact us
dot image