'സ്‌നേഹം കൊണ്ട് മാത്രം ചെയ്ത റോൾ'; 'ഖലീഫ'യിലെ ലാലേട്ടന്റെ ഇൻട്രോക്ക് പിന്നിലെ കഥയുമായി പൃഥ്വിരാജ്

ദൈവമനുഗ്രഹിച്ച് ഈ സിനിമ നിങ്ങള്‍ക്കിഷ്ടപ്പെട്ട് ഒരു വിജയമാവുകയാണെങ്കില്‍ തീര്‍ച്ചയായും ഇതിന് ഒരു രണ്ടാം ഭാഗമുണ്ടകും. അതില്‍ മാമ്പറക്കല്‍ അഹമദ് അലിയുടെ കഥ പൂര്‍ണമായും പറയുകയും ചെയ്യും

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം 'ഖലീഫ'യിലെ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകകൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. മാമ്പറക്കൽ അഹമദ് അലി എന്ന കരുത്തുറ്റ കഥാപാത്രമായി മോഹൻലാൽ ചിത്രത്തിലെത്തുന്നത് സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പുറത്താണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒന്നാം ഭാഗത്തിൽ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഇൻട്രോ മാത്രമായിരിക്കും ഉണ്ടാകുകയെന്നും പൃഥ്വിരാജ് സിനിമയുടെ പ്രമോഷൻ ഭാഗമായി ദുബായിൽ നടന്ന പരിപാടിയിൽ സംസാരിച്ചു.

‘ഖലീഫയുടെ തിരക്കഥ എഴുതി കഴിഞ്ഞപ്പോള്‍ മാമ്പറക്കല്‍ ആമിര്‍ അലിയുടെ ഉപ്പൂപ്പയായി മറ്റൊരു കഥാപാത്രം ഉണ്ടാകുമെന്നറിയാമായിരുന്നു. മാമ്പറക്കല്‍ അഹമദ് അലിയായി ലാലേട്ടന്‍ അഭിനയിക്കണമെന്നത് ഞങ്ങളുടെയെല്ലാം ആഗ്രഹമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ എന്നോടുള്ള ഒരു സ്‌നേഹം കൊണ്ടെല്ലാം ആയിരിക്കാം. മോനെ ഉറപ്പായിട്ടും ചെയ്യാം എന്നെല്ലാം പറഞ്ഞ് അദ്ദേഹം അത് ചെയ്തു.

പക്ഷേ എനിക്കൊരു കാര്യം എടുത്തു പറയാനുള്ളത്. ഞങ്ങള്‍ ആ കഥാപാത്രം ചെയ്യുന്നത് ലാലേട്ടനാണെന്ന് പറഞ്ഞ ആ പോസറ്ററില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഖലീഫ പാര്‍ട്ട് വണ്‍ ദി ഇന്‍ട്രോ എന്ന്. അതുകൊണ്ട് തന്നെ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമേയുള്ളൂ, അത് മാത്രമേ പ്രതീക്ഷിക്കാവൂ. ദൈവമനുഗ്രഹിച്ച് ഈ സിനിമ നിങ്ങള്‍ക്കിഷ്ടപ്പെട്ട് ഒരു വിജയമാവുകയാണെങ്കില്‍ തീര്‍ച്ചയായും ഇതിന് ഒരു രണ്ടാം ഭാഗമുണ്ടകും. അതില്‍ മാമ്പറക്കല്‍ അഹമദ് അലിയുടെ കഥ പൂര്‍ണമായും പറയുകയും ചെയ്യും,’ പൃഥ്വിരാജ് പറഞ്ഞു.

Prithviraj about Lalettan's Mambarakkal Ahmed Ali character and the possibilities of #Khalifa sequel at the Dubai event#Mohanlal pic.twitter.com/1QFVUb5gtR

ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായാൽ മാമ്പറക്കൽ അഹമദ് അലിയുടെ പൂർണ്ണമായ കഥ പറയുന്ന രണ്ടാം ഭാഗം ഉണ്ടാകുമെന്ന പൃഥ്വിരാജിന്റെ വാഗ്ദാനം ആരാധകരുടെ പ്രതീക്ഷകൾ ഉയർത്തിയിരിക്കുകയാണ്. ഒന്നാം ഭാഗത്തിലെ മോഹൻലാലിന്റെ മാസ് ഇൻട്രോ തന്നെ തിയേറ്ററുകളിൽ വമ്പൻ ഓളമുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബിഗ് സ്‌ക്രീനിൽ ലാലേട്ടന്റെ ആ വമ്പൻ സർപ്രൈസ് കാണാനായി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

പൃഥ്വിരാജ് - വൈശാഖ് ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 20നാണ് ചിത്രം ആഗോള റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന 'ഖലീഫ'യുടെ തിരക്കഥ ജിനു എബ്രഹാമാണ് രചിച്ചത്. അദ്ദേഹം തന്നെയാണ് നി‍ർമ്മാതാവും. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിലാണ് ചിത്രം നി‍ർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.

തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് നായിക. ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായ് പൃഥ്വിരാജ് എത്തുമ്പോൾ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെടുന്നു. രഞ്ജി പണിക്കർ. ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ,ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജേക്സ് ബിജോയുടെ സംഗീത സംവിധാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ഖലീഫയിലെ ഗാനങ്ങൾ ട്രെൻഡിങ് ആയി തുടരുകയാണ്.

Content Highlights: Prithviraj Sukumaran has spoken about Mohanlal’s role in Khalifa, revealing that his character Mambarakkal Ahmed Ali is a key force behind the story rather than merely a cameo. The revelation has increased anticipation for the upcoming Vysakh directorial, which is scheduled for release on August 20, 2026.

To advertise here,contact us