പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരന്. പിന്നീട് അന്യഭാഷാ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാകാന്‍ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ധന്യ വര്‍മയ്ക്ക് നല്കിയ ഇന്റര്‍വ്യൂവില്‍ താന്‍ തന്റെ മുന്‍ കാമുകനില്‍ നിന്ന് നേരിട്ട നാര്‍സിസിസ്റ്റിക് അബ്യൂസിനെ കുറിച്ച് തുറന്നു പറയുകയും പിന്നീടത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തുടർച്ചയായി കരഞ്ഞ കാരണം കണ്ണീർ ഗ്രന്ഥി വീർക്കുകയും സർജറി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും പറയുകയാണ് അനുപമ.
'ഈ അബ്യൂസ് കാരണം ഞാൻ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. പാനിക് അറ്റാക്ക്, ആങ്സൈറ്റി അറ്റാക്കുകൾ, ബ്ലാക്ക് ഔട്ടുകൾ, ശരീരഭാരം പെട്ടെന്ന് കുറയുക. പെട്ടെന്ന് കൈകാലുകളൊക്കെ വിറയ്ക്കാൻ തുടങ്ങും. എന്റെ വലത്തെ കണ്ണ് തുടർച്ചയായി തുടിച്ചു കൊണ്ടിരിക്കും. അത് കാരണം എനിക്ക് ഒരു ഷൂട്ട് വരെ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ രാത്രികളിലും മണിക്കൂറുകളോളം കരയുമായിരുന്നു. അടുത്ത ദിവസം ഷൂട്ടിന് പോകാനും ഉണ്ടാകും.
ഇതിന്റെയൊക്കെ ഭാഗമായിട്ടാണ് എന്റെ കണ്ണീർ ഗ്രന്ഥി വീർക്കുകയും അത് കണ്ണിന് താഴേക്ക് ഇറങ്ങി വരുകയും ചെയ്തത്. അവസാനം ഒരു ഐ സർജറി തന്നെ ചെയ്യേണ്ടി വന്നു. 'പർദ' എന്ന എന്റെ സിനിമയുടെ പ്രൊമോഷൻ വിഡിയോസ് ഒക്കെ എടുത്തു നോക്കിയാൽ എന്റെ ഒരു കണ്ണ് വീർത്തിരിക്കുന്നത് കാണാൻ പറ്റും.
ശാരീരികമായും മാനസികമായും ഇത്രയധികം വേദനകളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ പങ്കാളിയിൽ നിന്നും എന്തെങ്കിലും ഒരു പരിഗണന അല്ലെങ്കിൽ ദയ നമ്മൾ പ്രതീക്ഷിക്കില്ലേ എന്നാൽ എനിക്ക് യാതൊന്നും കിട്ടിയിരുന്നില്ല. അത് കിട്ടിയില്ലെങ്കിലും കുഴപ്പമില്ലായിരുന്നു, പക്ഷേ വീണ്ടും ഒരുപാട് തകർച്ചകളാണ് ആ ജീവിതത്തിൽ നേരിടേണ്ടി വന്നത്,'അനുപമ പറഞ്ഞു.
Content Highlights: Anupama Parameswaran has revealed that she once underwent surgery for a swollen tear gland after constantly crying during a difficult relationship. The actress opened up about the emotional struggles she faced at the time and their physical impact on her health.