വേണ്ട സമയത്തൊക്കെ മമ്മൂട്ടി സഹായിച്ചു, എങ്ങനെ പെരുമാറിയാലും ഹൃദയത്തിൽ നിന്ന് മാറ്റാനാകില്ല; പി ശ്രീകുമാർ

എന്നെ സംബന്ധിച്ച് യേശുക്രിസ്തു ജനിച്ചു വന്ന് തലയില്‍ തൊട്ട് അനുഗ്രഹിക്കില്ലേ, അതായിരുന്നു മമ്മൂട്ടി. വേണ്ട സമയത്തൊക്കെ മമ്മൂട്ടി സഹായം ചെയ്തിട്ടുണ്ട്.

തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളിലൊക്കെ തിളങ്ങിയിട്ടുള്ള നടനാണ് പി. ശ്രീകുമാര്‍. ബിഗ്സ്ക്രീനില്‍ മാത്രമല്ല ടെലിവിഷന്‍ സ്​‍ക്രീനിലടക്കം തിളങ്ങി നില്‍ക്കുന്ന താരം 150 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും താൻ ഇന്ന് കാണുന്ന നിലയിലെത്താൻ കാരണക്കാരനായത് മമ്മൂട്ടിയാണെന്നും ശ്രീകുമാർ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ആദ്യത്തെ രണ്ട് സിനിമയെടുത്ത് സാമ്പത്തികമായി തകർന്ന് നില്‍ക്കുകയായിരുന്നു. പിടിച്ചു നില്‍ക്കാൻ കമേഴ്ഷ്യല്‍ സിനിമ എടുത്താലേ ഉള്ളൂ എന്നുള്ള അവസ്ഥയിലായി. വാടക വീട്ടിലൊക്കെ കഴിയുകയായിരുന്നു. അപ്പോഴാണ് ഈ വിവരങ്ങളൊക്കെ അറിഞ്ഞിട്ട് മമ്മൂട്ടി വിളിച്ചിട്ട് ഞാൻ ഒരു ഡേറ്റ് തരാം ഒരു പടം ചെയ്യു എന്ന് പറയുന്നത് (വിഷ്ണു എന്ന സിനിമ). അയാളാണ് എല്ലാം സംഘടിപ്പിച്ചത്, നമ്മളെ രക്ഷപ്പെടുത്തിയത് അയാളാണ് . അയാളുടെ ഉദ്ദേശം എന്ന് വെച്ചാല്‍ ഇതില്‍ നിന്ന് കുറച്ച്‌ കാശ് കിട്ടി അയാള്‍ ഒരു വീട് ഉണ്ടാക്കട്ടെയെന്നായിരുന്നു. അതില്‍ നിന്ന് രക്ഷപ്പെട്ട് വരട്ടെ എന്ന് വിചാരിച്ചിട്ടാണ് അയാള്‍ അത് ചെയ്തത്. അത് അയാള്‍ ഉദ്ദേശിച്ചത് പോലെ തന്നെ സംഭവിച്ചു. നമ്മള്‍ തിരിച്ചു വരികയും ചെയ്തു.

ആ സിനിമയുടെ മമ്മൂട്ടിയെ തൂക്കി കൊല്ലുന്നയിടത്ത് അവസാനം ഒരു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാലും അത് രക്ഷപ്പെട്ടു പോയി. അതില്‍ നിന്നാണ് ഞാൻ പിന്നെ അഭിനയത്തിലേക്ക് തിരിയുന്നതും കാശ് ഉണ്ടാക്കുന്നതും നഷ്ടപ്പെട്ട വസ്തുക്കളൊക്കെ വാങ്ങിക്കുകയും ചെയ്യുന്നത്. എന്നെ സംബന്ധിച്ച് യേശുക്രിസ്തു ജനിച്ചു വന്ന് തലയില്‍ തൊട്ട് അനുഗ്രഹിക്കില്ലേ, അതായിരുന്നു മമ്മൂട്ടി. വേണ്ട സമയത്തൊക്കെ മമ്മൂട്ടി സഹായം ചെയ്തിട്ടുണ്ട്.

അങ്ങനെ ചെയ്ത പടത്തിന്റെ കാശ് കൊണ്ടാണ് എന്റെ മകന് എഞ്ചിനിയറിങ് പഠിക്കാനായത്. അവൻ പാസായി വന്നപാടെ തന്നെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ സഹായിച്ചതും മമ്മൂട്ടി തന്നെയാണ്. അതൊന്നും മറക്കാനാവില്ല. ഇന്ന് കാണുന്ന ലെവലിലേക്ക് വരാനുള്ള ഒരു ടേണിങ് പോയിന്റ് ഉണ്ടല്ലോ അതൊക്കെ ഉണ്ടാക്കി വിട്ട ആളാണ് മമ്മൂട്ടി. അദ്ദേഹം എങ്ങനെ പെരുമാറിയാലും ഹൃദയത്തില്‍ നിന്ന് മാറ്റാൻ ആകില്ല. അയാള്‍ നമുക്ക് ഒരു ഉപദ്രവം ചെയ്തിട്ടില്ല,' പി ശ്രീകുമാർ പറഞ്ഞു.

Content Highlights:  Producer and actor P. Sreekumar shared his gratitude towards Mammootty, saying that the help and support extended by the veteran actor is something he can never forget.

To advertise here,contact us