ഐ ആം ഗെയിം അടക്കം റിലീസിന് ഒരുങ്ങുന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടനും നിർമാതാവുമായ ദുൽഖർ സൽമാൻ. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദുൽഖർ.
തികച്ചും വ്യത്യസ്തമായ കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമുള്ള സിനിമകളാണ് തെലുങ്കിലും മലയാളത്തിനുമായി താൻ ചെയ്യുന്നതെന്ന് ദുൽഖർ പറഞ്ഞു. മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന ഐ ആം ഗെയിമിലെ നായക കഥാപാത്രമായ ഡാൻ ജോൺ പ്രേക്ഷകർക്കൊരു സർപ്രൈസ് ആയിരിക്കുമെന്ന് ദുൽഖർ പറഞ്ഞു.
'തെലുങ്കിൽ ഞാൻ ചെയ്യുന്ന രണ്ട് സിനിമകളും മലയാളത്തിൽ ചെയ്യുന്ന ഐ ആം ഗെയിമും തികച്ചും വ്യത്യസ്തമായ സിനിമകളാണ്. ആ സിനിമകളിലെ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ കണ്ടാൽ നിങ്ങൾക്ക് അത് മനസിലാകും. കഥാപാത്രങ്ങളും അവ നടക്കുന്ന ലോകവുമെല്ലാം വളരെ വ്യത്യസ്തമാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ ഒരുപാട് ആസ്വദിക്കുന്ന കാര്യമാണത്. എനിക്ക് എത്രയോ ജീവിതങ്ങളാണ് ജീവിക്കാനാകുന്നത്.
ഐ ആം ഗെയിമിലെ ഡാൻ ജോൺ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്രയും സ്വയം പുകഴ്ത്തുന്ന ഒരാളായി ഞാൻ അഭിനയിച്ചിട്ട് നാളെ കുറെയായി, ' ചിരിച്ചുകൊണ്ട് ദുൽഖർ സൽമാൻ പറഞ്ഞു.
ശ്രീ ശ്രീ, ആകാശംലോ ഒക്ക താര എന്നീ സിനിമകളാണ് ദുൽഖറിന്റേതായി തെലുങ്കിൽ പുറത്തിറങ്ങുന്നത്. ഐ ആം ഗെയിം ഓണം റിലീസായാണ് ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും ഇപ്പോൾ സെപ്റ്റംബർ മൂന്നിലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്.
Content Highlights: Dulquer Salmaan about his character Dan John in I M Game Movie