മലർവാടി ആർ്ട്സ് ക്ലബ്ബിലൂടെ മലയാളത്തിലേക്ക് എത്തി, പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായകനടന്മാരിൽ ഒരാളാണ് നിവിൻപോളി. ഇപ്പോഴിതാ നടന്റെ ഏറ്റവും പുതിയ ചിത്രമായ 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ എത്താൻ കാത്തിരിക്കുകയാണ്. സിനിമയുടെ പ്രമോഷൻ ഭാഗമായി കൊച്ചി സെന്റ് തെരേസാസ് വനിതാ കോളേജിൽ നടൻ എത്തിയിരുന്നു. മലർവാടി ആർട്സ് ക്ലബിനായുള്ള ഓഡിഷന് മുമ്പ് അപകടത്തിൽ പരിക്കേറ്റ് കിടക്കുമ്പോൾ, പൗലോ കൊയ്ലോയുടെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ വായിച്ചതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് നിവിൻ പോളി പറഞ്ഞു.
'ആൽക്കമിസ്റ്റ് എന്ന പുസ്തകം എന്നെ സ്വാധീനിച്ചു. ഓഡിഷന് പോകണോ, സിനിമയിൽ പരിചയക്കാരില്ലല്ലോ, പോവേണ്ട ആവശ്യമുണ്ടോ എന്നൊക്കെ ആലോചിച്ച് സ്വയം സംശയിച്ചുനിന്ന സമയത്ത് എനിക്ക് ധൈര്യം തന്നത് ആ പുസ്തകമാണ്. ഞാൻ രണ്ടും കൽപിച്ച് ഓഡിഷന് പോയി ധൈര്യത്തോടെ പങ്കെടുത്തു. ഞാൻ ആദ്യമായി വിനീതിനെ കാണുന്നത് അവിടെവെച്ചാണ്. ക്യാമറയെ അഭിമുഖീകരിക്കുന്നതും ആദ്യമായി ആയിരുന്നു. ഞാൻ എന്തോ ചെയ്തു. എന്നെ സെലക്ട് ചെയ്തു. എനിക്ക് ആ സിനിമ ലഭിച്ചു. അതുകൊണ്ട് എനിക്ക് ഇവിടെ വന്ന് നിൽക്കാൻ സാധിക്കുന്നു.
സ്റ്റേജിൽ കയറാൻ പേടിയുള്ള ഞാൻ എന്തുകൊണ്ടാണ് ഓഡിഷന് പോകാൻ തീരുമാനിച്ചത് എന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തി ആലോചിച്ചു. ആൽക്കമിസ്റ്റിൽ യാത്ര ചെയ്യാൻ തീരുമാനിക്കുന്നിടത്താണ് കഥാപാത്രത്തിന്റെ ജീവിതം മാറുന്നത്. ആ യാത്ര എവിടെ എത്തും എന്ന് അയാൾക്ക് അറിയില്ല. അന്ന് ഒഡിഷനിൽ ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് ഇന്നിവിടെ നിൽക്കുന്നത്. നിങ്ങളുടെ സ്നേഹം എനിക്ക് ലഭിക്കുന്നത്. അന്ന് ഞാൻ എടുത്ത പങ്കെടുക്കണം എന്ന തീരുമാനം ആണ് ഇവിടെ എത്തിച്ചത്,' നിവിൻ പോളി പറഞ്ഞു.
നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും. റോം - കോം ജോണറില്‍ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളില്‍ വന്‍ ഓളം നിറയ്ക്കുമെന്നാണ് ഗാനം കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ ഡി ചിത്രത്തില്‍ നായകനായി നിവിന്‍ പോളി എത്തുമ്പോള്‍ ഈ ഓണത്തിന് കുടുംബങ്ങള്‍ ഒന്നായി ബത്ലഹേമിലേക്ക് ടിക്കറ്റെടുക്കുമെന്ന് ഉറപ്പിക്കാം.
'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമളിലൂടെയാണ് ഗിരീഷ് എ ഡി ശ്രദ്ധ നേടുകയുണ്ടായത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പര്‍ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
Content Highlights: Nivin Pauly says reading Paulo Coelho’s The Alchemist gave him the confidence to overcome his fear of stage performances and take the step toward attending an audition.