തന്റെ അമ്മയുടെ മരണം തനിക്ക് താങ്ങാൻ കഴിയാത്ത വേദനയായിരുന്നു എന്നും ആ സമയത്ത് തനിക്ക് ജീവനൊടുക്കാൻ തോന്നിയിരുന്നു എന്നും പറയുകയാണ് നടൻ ഗോവിന്ദ. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു താരം മനസുതുറന്നത്. 1996 ജൂൺ 15-നാണ് ഗോവിന്ദയുടെ അമ്മയും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായിരുന്ന നിർമ്മല ദേവി അന്തരിച്ചത്.
'എനിക്ക് ധാരാളം വേദനകളുണ്ടായിരുന്നു. ആ ഘട്ടത്തിൽ, എല്ലാം അവസാനിച്ചുവെന്ന് എനിക്ക് തോന്നി, അത്രയേ ഉള്ളൂ. ഞാൻ നർമ്മദ നദിയിലായിരുന്നു. നദിയിലേക്ക് കുറച്ചുകൂടി മുന്നോട്ട് പോയാൽ എന്റെ അമ്മയെ വീണ്ടും കണ്ടുമുട്ടാൻ കഴിയുമെന്ന് ഞാൻ കരുതി. അങ്ങനെ ഞാൻ പോയി. ഞാൻ അമ്മയോട് അഗാധമായി അടുത്തിരുന്നു. ഞാൻ അവരെ അത്രയധികം സ്നേഹിച്ചിരുന്നു', ഗോവിന്ദയുടെ വാക്കുകൾ.
'നദിയിൽ എന്നെ കണ്ട ഒരു പുരോഹിതൻ വിളിക്കുകയും അടുത്തേക്ക് വന്ന് കരയിലേക്ക് കയറാൻ സഹായിക്കുകയും ചെയ്തു. താൻ ചെയ്യുന്നത് തെറ്റായ കാര്യമാണെന്ന് തിരിച്ചറിയാൻ ഈ കൂടിക്കാഴ്ച സഹായിച്ചു. തന്റെ മക്കൾക്കായി ജീവിക്കേണ്ടതുണ്ടെന്ന വലിയൊരു തിരിച്ചറിവാണ് ആ നിമിഷം നൽകിയത്. ആ മാനസികാവസ്ഥയിൽനിന്ന് കരകയറാനും ജീവിതത്തിൽ പുതിയ ലക്ഷ്യബോധം കണ്ടെത്താനും 15 ദിവസത്തിലധികം എടുത്തു'. ഈ അനുഭവം സിനിമകളെയും അഭിനയത്തെയും താരപ്പകിട്ടിനെയുംകുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. രംഗീല രാജ ആണ് അവസാനമായി പുറത്തുവന്ന ഗോവിന്ദ ചിത്രം. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. സിക്കന്ദർ ഭാരതി ആണ് സിനിമ ഒരുക്കിയത്.
Content Highlights: Actor Govind opened up about a past incident, saying he realised that what he had done was wrong and that it took him more than 15 days to recover from the experience.