തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ദ പാരഡൈസ്' ടീസര്‍ പുറത്ത്. 1 മിനിറ്റും 42 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഒരു മാസ്സ് ടീസര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. 2026 സെപ്റ്റംബര്‍ 24 ന് ചിത്രം ആഗോള റിലീസായി എത്തും. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ദസറയുടെ നിര്‍മ്മാതാവായ സുധാകര്‍ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ആണ് അദ്ദേഹം ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ത്രസിപ്പിക്കുന്ന ആക്ഷന്‍ ആണ് ടീസറിന്റെ ഹൈലൈറ്റ്. അതിനൊപ്പം ടീസറിലെ പഞ്ച് ഡയലോഗുകളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. വയലന്‍സിന് വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസര്‍ സൂചിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതം ടീസറിനെ ആവേശകരമാക്കിയിട്ടുണ്ട്.
നാനി അവതരിപ്പിക്കുന്ന കഥാപാത്രത്തെ ആവേശകരമായി അവതരിപ്പിക്കുന്ന ടീസര്‍, അതിനൊപ്പം തന്നെ ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തു വിട്ടു. ജദാല്‍ എന്ന കഥാപാത്രമായി, തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ നാനിയുടെ ലുക്ക് നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയലും വ്യത്യസ്തമായ ഗംഭീര ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രമായാണ് രാഘവ് ഈ ചിത്രത്തിലെത്തുന്നത്. രാഘവിനെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതോടൊപ്പം, നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ ആദ്യ ഗാനമായ 'ആയാ ഷേര്‍' ആഗോള തലത്തില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. ഗാനത്തിലെ നാനിയുടെ ഐക്കണിക് ഹുക്ക് സ്റ്റെപ്പും ആഗോള തലത്തില്‍ വൈറലായി. അനിരുദ്ധ് രവിചന്ദറാണ് സിത്രത്തിനു സംഗീതം ഒരുക്കുന്നത്. ജേഴ്സി, ഗാങ് ലീഡര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'.
നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ് പാരഡൈസ്' എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍, സ്പാര്‍ക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവയും സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണം നേടിയെടുത്തിരുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. നാനി , ബോളിവുഡ് താരം രാഘവ് ജൂയാല്‍ എന്നിവര്‍ കൂടാതെ സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആഗോള തലത്തില്‍ എട്ട് ഭാഷകളില്‍ ആണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുക എന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ ആണ് ചിത്രമെത്തുക.
രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിര്‍മ്മാതാവ്- സുധാകര്‍ ചെറുകുറി, ബാനര്‍- എസ്എല്‍വി സിനിമാസ്, ഛായാഗ്രഹണം - സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് - നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.
Content Highlights: Teaser for the Nani-Srikanth Odela film 'The Paradise' released; global release set for September 24