മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘ഗപ്പി’യുടെ പത്താം വാർഷിക ദിനത്തിൽ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. നായകനടൻ ടൊവിനോ തോമസും സംവിധായകൻ ജോൺപോൾ ജോർജും കൈകോർക്കുന്ന പുതിയ പുതിയ ചിത്രത്തിന് സൂചന കുറിച്ചുകൊണ്ടുള്ള ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനകളുണ്ട്. ഇരുവർക്കുമൊപ്പം ചേതന് ജയലാലും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
‘ഗപ്പി’ എന്ന ചിത്രം റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ, അന്നത്തെ അവിസ്മരണീയമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്. ചിത്രത്തിൽ തേജസ് വർക്കി എന്ന എഞ്ചിനീയറെ അവതരിപ്പിച്ചു കൊണ്ട് ടൊവിനോ തോമസ് തന്റെ കരിയറിൽ വഴിതിരിവ് ഉണ്ടാക്കിയപ്പോൾ, മലയാളത്തിലെ ഏറ്റവും മികച്ച സ്വപ്നതുല്യമായ നവാഗത സംവിധാനത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജോൺപോൾ ജോർജ്.
മലയാള സിനിമയുടെ പാൻ-ഇന്ത്യൻ താരപ്രതിഭയായി വളർന്ന ടൊവിനോ തോമസ്, ഗപ്പിക്ക് ശേഷം ഒട്ടേറെ അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ തന്റെ കരിയർ പുതിയ ഉയരങ്ങളിലെത്തിച്ചു. ‘എന്ന് നിന്റെ മൊയ്തീൻ’, ‘തീവണ്ടി’, ‘ഗോദ’, ‘മായാനദി’, ‘മിന്നൽ മുരളി’, ‘2018’, ‘അജയന്റെ രണ്ടാം മോഷണം’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത സൂപ്പർ താരമാണിന്ന് ടൊവിനോ തോമസ്.
മറുവശത്ത്, ‘ഗപ്പി’ക്ക് ശേഷം സംവിധാനത്തിലും നിർമ്മാണത്തിലും ഒരുപോലെ തിളങ്ങിയ ജോൺപോൾ ജോർജ് മലയാള സിനിമയിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു. അദ്ദേഹം സംവിധാനം ചെയ്ത ‘അമ്പിളി’ എന്ന ചിത്രവും ഏറെ പ്രശംസ നേടിയെടുത്തിരുന്നു. കൂടാതെ മലയാളത്തിലെ വലിയ ബോക്സ് ഓഫീസ് വിജയമായ ‘രോമാഞ്ചം’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമ്മാതാവെന്ന നിലയിലും ജോൺപോൾ ജോർജ് ശ്രദ്ധേയമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്.
പത്താം വാർഷികത്തിന്റെ തിളക്കത്തിൽ ഈ ടീം വീണ്ടുമൊന്നിക്കുമ്പോൾ, മലയാള സിനിമാ വ്യവസായം ഇന്നോളം കാണാത്ത വലിയൊരു ദൃശ്യവിരുന്നും സമ്മാനിക്കാൻ ഈ പുതിയ ചിത്രത്തിലൂടെ സാധ്യമാകും എന്നാണ് സിനിമാലോകത്തിന്റെ പ്രതീക്ഷ. ചിത്രത്തിന്റെ മറ്റു താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടും. വാർത്താ പ്രചരണം: ഹെയിൻസ്.
Content Highlights: The acclaimed Malayalam film Guppy has completed 10 years since its release. Marking the milestone, actor Tovino Thomas reunited with director Johnpaul George, celebrating the film's lasting impact and the special bond it continues to share with audiences.