തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. അജിത്ത് കുമാര്‍ നായകനായി ഒടുവില്‍ വന്ന ചിത്രം ഗുഡ് ബാഡ് അഗ്ലി ആണ്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. 'ഗുഡ് ബാഡ് അഗ്ലി'ക്ക് ശേഷം ആദിക് രവിചന്ദ്രനൊപ്പം നടൻ വീണ്ടും ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.
'ഡെയർ ഡെവിൾ' എന്നാണ് സിനിമയുടെ പേര്. അജിത് നായകനാകുന്ന ചിത്രം നിർമിക്കുന്നത് ശാലിനി അജിത് കുമാറാണ്. സിനിമയ്ക്ക് സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദറാണ്. തൂത്തുക്കുടി പശ്ചാത്തലമാക്കിയുള്ള ഒരു റൂറല്‍ ഡ്രാമയിലായിരിക്കും ചിത്രമെന്ന റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും അജിത്ത് ആരാധകര്‍ക്ക് ആഘോഷിക്കാൻ വക നല്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നുമാണ് റിപ്പോര്‍ട്ട്. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല.
അതേസമയം, ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്ജുന് ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന് കിംഗ്സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന് രാമാനുജന് ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി 212 കോടിയാണ് ആകെ നേടിയിരിക്കുന്നത്.
അതേസമയം, ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നത് കാരണം അജിത് സിനിമകൾ ഏറ്റെടുക്കാൻ നിർമാതാക്കൾ തയാറാകുന്നില്ല എന്ന പ്രമുഖ ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ നേരത്തെ വൈറലായിരുന്നു. തമിഴ് സിനിമാ വ്യവസായത്തിന് നിലവിൽ നൽകാൻ കഴിയുന്നതിലും ഉയർന്ന പ്രതിഫലമാണ് അജിത് കുമാർ ആവശ്യപ്പെടുന്നത്. നിലവിൽ അജിത്തിന്റെ പ്രതിഫലം തമിഴ്നാട്ടിലെ നിർമാതാക്കൾക്ക് താങ്ങാനാവുന്നതിലും കൂടുതൽ ആണെന്നാണ് റിപ്പോർട്ട്.
നിലവിൽ, റെഡ് ജയന്റ് സ്റ്റുഡിയോസ്, എജിഎസ് എന്റർടൈൻമെന്റ്സ്, സൺ പിക്ചേഴ്സ്, വെൽസ് എന്റർടൈൻമെന്റ്സ് എന്നിവർ നിർമിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പക്ഷേ അവർക്ക് അത്തരം വലിയ റിസ്കുകൾ എടുക്കാൻ താൽപ്പര്യമില്ലെന്നും അവർ ലാഭവിഹിതം പങ്കുവെക്കുന്ന രീതിയാണ് താത്പര്യപ്പെടുന്നതെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി. 110 മുതൽ 120 കോടി വരെയാണ് അജിത്തിന്റെ പ്രതിഫലം.
Content Highlights: Actress Shalini is stepping into film production with an upcoming movie featuring Ajith. The title of the new film has been announced, creating excitement among fans and the Tamil cinema audience.