ആ കഥാപാത്രത്തോട് മറ്റാർക്കും ഇത്രത്തോളം നീതി പുലർത്താൻ കഴിയില്ല; യഷിനെ പ്രശംസിച്ച് ഋഷഭ് ഷെട്ടി

നിങ്ങളുടെ മികച്ച പ്രകടനത്തെക്കുറിച്ച് കൂടുതൽ പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല, ഒരു കാര്യം കൂടി, ഒരു കന്നഡിഗൻ എന്ന നിലയിൽ നിങ്ങൾ എപ്പോഴും ഞങ്ങളുടെ അഭിമാനമാണ്

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 'രാമായണ: പാർട്ട് 1'. മിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്‌കാർ പുരസ്‌കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്‌സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിൻറെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ കണ്ട ശേഷം യഷിനെ പ്രശംസിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. രാവണനെ ഇതിലും മികച്ചതായി അവതരിപ്പിക്കാൻ യഷിനല്ലതെ മറ്റാർക്കും കഴിയില്ലെന്ന് ഋഷഭ് ഷെട്ടി പറയുന്നു.

'നമ്മുടെ ഇതിഹാസങ്ങളിലെ കഥകളും കഥാപാത്രങ്ങളും ആളുകളെ ബോധ്യപ്പെടുത്തുക എളുപ്പമല്ല. നമ്മളെല്ലാവരും അതൊക്കെ കേട്ടാണ് വളർന്നത്, ഈ കാലാതീതമായ ഇതിഹാസങ്ങളെക്കുറിച്ചുള്ള നമ്മുടെ സ്വന്തം ഭാവനയും നമുക്കുണ്ട്. അവിശ്വസനീയമാംവിധം ബോധ്യപ്പെടുത്തുന്ന ഒരു ലോകം സൃഷ്ടിച്ചതിന് ടീമിന് അഭിനന്ദനങ്ങൾ. ഇത്തരം ഐക്കണിക് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഒരു നടൻ അനുഭവിക്കുന്ന സമ്മർദ്ദം എത്രയാണെന്ന് എനിക്ക് മനസ്സിലാകും.

ഓരോ നടനും ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. രൺബീർ കപൂർ, സഹോദരാ, രാമന്റെ പ്രഭാവലയവും ദിവ്യത്വവും നിങ്ങൾ ഞങ്ങളെ ശരിക്കും അനുഭവിപ്പിച്ചു. യഷ്, സാർ നിങ്ങളുടെ ഓരോ ഷോട്ട് കാണുമ്പോഴും എന്റെ കണ്ണുകൾ വലുതായി വന്നു. ആ കഥാപാത്രത്തോട് മറ്റാർക്കും ഇത്രത്തോളം നീതി പുലർത്താൻ കഴിയുമായിരുന്നില്ല എന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ മികച്ച പ്രകടനത്തെക്കുറിച്ച് കൂടുതൽ പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല, ഒരു കാര്യം കൂടി, ഒരു കന്നഡിഗൻ എന്ന നിലയിൽ നിങ്ങൾ എപ്പോഴും ഞങ്ങളുടെ അഭിമാനമാണ്." ഋഷഭ് ഷെട്ടി പറയുന്നു.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. സീതാദേവിയായി സായ് പല്ലവി എത്തുന്നു. 'റോക്കിംഗ് സ്റ്റാർ' യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി ചിത്രത്തിൽ എത്തുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.

ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്‌കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ ആർ റഹ്‌മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. ഓസ്‌കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlights:  Rishab Shetty has heaped praise on Yash for his performance in Ramayana, calling it a masterclass in acting. The actor-director commended Yash's screen presence, dedication, and portrayal in the epic, adding to the growing anticipation surrounding the highly awaited film.

To advertise here,contact us