കൊച്ചിൻ ഹനീഫയുടെ വീട്ടിൽ എത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും

കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയുമായും മക്കളുമായും ദീർഘനേരം ചെലവിട്ട മമ്മൂട്ടി കൊച്ചിൻ ഹനീഫയുടെ മക്കൾക്കൊപ്പം നിന്ന് ചിത്രങ്ങളും എടുത്ത ശേഷമാണ് താരം മടങ്ങിയത്

കൊച്ചിൻ ഹനീഫയുടെ പുതിയ വീട് സന്ദർശിച്ച് മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമായിരുന്നു താരത്തിന്റെ സൗഹൃദ സന്ദർശനം. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചി വെണ്ണലയിലാണ് കൊച്ചിൻ ഹനീഫയുടെ സമ്പാദ്യം കൊണ്ടു ഭാര്യയും മക്കളും പുതിയ വീടൊരുക്കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്.

കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയുമായും മക്കളുമായും ദീർഘനേരം ചെലവിട്ട മമ്മൂട്ടി കൊച്ചിൻ ഹനീഫയുടെ മക്കൾക്കൊപ്പം നിന്ന് ചിത്രങ്ങളും എടുത്ത ശേഷമാണ് താരം മടങ്ങിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക മാത്രമല്ല താരത്തെ വച്ച് നിരവധി സിനിമകളും കൊച്ചിൻ ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്. ‘വാൽസല്യം’ ആണ് അവയിൽ ഏറെ കയ്യടി നേടിയ ചിത്രം. സഹപ്രവർത്തകർക്കപ്പുറം വലിയൊരു ആത്മബന്ധവും ഇരുവരും തമ്മിൽ സൂക്ഷിച്ചിരുന്നു. 2010ലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അന്ന് മലയാള സിനിമാ പ്രേക്ഷകരെല്ലാം കണ്ണീരോടെയാണ് കൊച്ചിൻ ഹനീഫയ്ക്ക് വിടചൊല്ലിയത്.

തന്റെ സമ്പാദ്യത്തിൽ നിന്ന് തന്നെ സ്വന്തം വീടൊരുക്കണമെന്ന് കൊച്ചിൻ ഹനീഫ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിൻ ഹനീഫ വിടവാങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കൾ ചില നിയമപ്രശ്‌നങ്ങളിൽ കുടുങ്ങികിടക്കുകയായിരുന്നു.മക്കൾക്ക് 18 വയസായതോടെ ആ സ്വത്തുക്കളിലെ നിയമപ്രശ്‌നങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം ആഗ്രഹിച്ചത് പോലെ വീട് പണിയാൻ കഴിഞ്ഞെന്നും ഭാര്യ ഫാസില മാധ്യമങ്ങളോട് പറഞ്ഞു. ആരുടെ മുന്നിലും തല കുനിക്കാൻ ഇഷ്ടപ്പെടാത്തയാളാണ് കൊച്ചിൻ ഹനീഫയെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്ന് തന്നെ വീടൊരുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

താൻ പണിയുന്ന വീടിന് പിതാവ് എബി മുഹമ്മദിന്റെ പേര് നൽകണമെന്ന കൊച്ചിൻ ഹനീഫയുടെ സ്വപ്നവും കുടുംബം നിറവേറ്റിയിട്ടുണ്ട്. കൊച്ചിയിൽ വെണ്ണല അംബേദ്കർ റോഡിൽ പണിതിരിക്കുന്ന വീടിന് 'കൊച്ചിൻ ഹനീഫാസ് എബി മൻസിൽ' എന്നാണ് പേര് നൽകിയിരിക്കുന്നത്.

Content Highlights: Mammootty and his wife Sulfath visited the residence of late Malayalam actor Cochin Haneefa. The visit highlighted the close bond and lasting friendship between the two celebrated figures of Malayalam cinema.

To advertise here,contact us