'എന്റെ ശരീരത്തെക്കുറിച്ചും മലയാളം സംസാരിക്കുന്നതിനെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു'; വിസ്മയ മോഹൻലാൽ

'സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അത് തുറന്നു പറയാനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു'

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'തുടക്കം' റിലീസിന് തയ്യാറെടുക്കുകയാണ്. വിസ്മയയുടെ തുടക്കത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയോടുള്ള താല്പര്യം തനിക്ക് ആദ്യം മുതൽ ഉണ്ടായിരുന്നുവെന്നും എന്നാൽ പലതവണ ആലോചിച്ച ശേഷമാണ് സിനിമയിലേക്ക് എത്തിയതെന്നും വിസ്മയ മോഹൻലാൽ പറഞ്ഞു. തന്റെ ശരീരത്തെക്കുറിച്ചും മലയാളം സംസാരിക്കുന്നതിനെക്കുറിച്ചും ആശങ്കയുണ്ടായിരുന്നുവെന്നും വിസ്മയ കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എനിക്ക് എപ്പോഴും നാടകങ്ങളോട് വലിയ ഇഷ്ടമായിരുന്നു. സ്റ്റേജിൽ കയറുന്നതിന് മുമ്പ് എനിക്ക് വലിയ പേടിയുണ്ട്. ഇപ്പോഴും ഇങ്ങനെ സംസാരിക്കുന്നത് പോലും എനിക്ക് ടെൻഷനാണ്. പക്ഷേ, സ്റ്റേജിൽ അഭിനയിക്കുന്ന സമയത്താണ് ഞാൻ ഏറ്റവും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ഇരിക്കുന്നത്. അപ്പോഴാണ് ഇതാണ് എനിക്ക് ശരിക്കും ഇഷ്ടമുള്ളത് എന്ന് തോന്നിയത്.

നാടകങ്ങളിലായിരുന്നു ഞാൻ കൂടുതലും. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷേ അത് തുറന്നു പറയാനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. കുറച്ച് വർഷങ്ങൾക്കു മുമ്പാണ് എനിക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉള്ള കാര്യം അമ്മയോട് പറഞ്ഞത്. പിന്നീട് ഈ സിനിമയിൽ അവസരം വന്നു. ജൂഡ് ചേട്ടൻ കഥ പറഞ്ഞു. അപ്പോൾ അമ്മ വീണ്ടും വീണ്ടും ചോദിച്ചു: ഈ അവസരം സ്വീകരിക്കുന്നുണ്ടോ എന്ന്?

ഞാൻ പലതവണ ആലോചിച്ചു. എന്റെ ശരീരം, മലയാളം സംസാരിക്കുന്ന രീതിയിൽ വേണ്ടത്ര സ്വാഭാവികത ഇല്ലെന്ന തോന്നൽ, നാട്ടിൻപുറത്തെ ശൈലിയിൽ സംസാരിക്കാൻ പറ്റുമോ എന്ന ആശങ്ക—ഇങ്ങനെ പല കാര്യങ്ങളും മനസ്സിൽ വന്നു. ഞാൻ ഒരുപാട് ഓവർതിങ്ക് ചെയ്തു. അവസാനം ഞാൻ തീരുമാനിച്ചു ഇത്രയും ചിന്തിക്കാതെ ഈ അവസരം സ്വീകരിച്ച് മുന്നോട്ട് പോകാം എന്ന്,' വിസ്മയ മോഹൻലാൽ പറഞ്ഞു.

കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ആക്ഷന്‍ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടൈറ്റില്‍ ഡിസൈനും ആ സൂചനകളാണ് നല്‍കുന്നത്.

2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സായ് കുമാര്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. എമില്‍ ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlights: Vismaya Mohanlal has spoken candidly about the self-doubt and anxiety she experienced before making her acting debut. She revealed that concerns about her body, fluency in Malayalam, and lack of confidence made her hesitate before finally deciding to accept the opportunity offered by director Jude Anthany Joseph.

To advertise here,contact us