കത്തിക്കയറി യഷും രൺബീറും സായ് പല്ലവിയും; ദൃശ്യ വിസ്മയമായി 'രാമായണ:പാർട്ട് 1' ട്രെയിലർ

ട്രെയിലറിലെ വിഷ്വല്‍ ഇഫക്ട്സ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന 'രാമായണ: പാർട്ട് 1' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ ആഗോളതലത്തിൽ പുറത്തിറങ്ങി. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്‌കാർ പുരസ്‌കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്‌സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിൻറെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൻറെ ഔദ്യോഗിക ട്രെയിലർ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

മനം മയക്കുന്ന ദൃശ്യ വിസ്മയമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. സോണി പിക്‌ചേഴ്‌സ് ആണ് ചിത്രത്തിൻറെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. സീതാദേവിയായി സായ് പല്ലവി എത്തുന്നു. 'റോക്കിംഗ് സ്റ്റാർ' യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി ചിത്രത്തിൽ എത്തുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.

'ദംഗൽ' എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളിൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും, അതേസമയം ഇന്ത്യൻ വൈകാരികതയിലും സംസ്‌കാരത്തിലും ആഴത്തിൽ വേരൂന്നിയ കഥപറച്ചിൽ രീതിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വീകരിച്ചതുമായ പ്രശസ്ത സംവിധായകൻ നിതീഷ് തിവാരിയെയും, ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മൽഹോത്രയുടെ 'രാമായണം' ഒന്നിപ്പിക്കുകയാണ്.

ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്‌കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ ആർ റഹ്‌മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. ഓസ്‌കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പിആർഒ ആതിര ദിൽജിത്ത്.

Content Highlights: Ramayana Part 1 Trailer out. People applauds the beauty of visual effects

To advertise here,contact us