33 വര്‍ഷങ്ങള്‍ക്ക് ശേഷം 'ജെന്റില്‍മാന്‍' വീണ്ടും തിയേറ്ററുകളിലേക്ക്; 4K Atmos പതിപ്പുമായി കെ ടി കുഞ്ഞുമോന്‍

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സാങ്കേതിക മികവും ശക്തമായ കഥാപറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് 'ജെന്റില്‍മാന്‍

മലയാളികള്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ക്ലാസിക് ചിത്രമായ 'ജെന്റില്‍മാന്‍' പുതിയ സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4K Ultra HD ദൃശ്യ നിലവാരത്തിലും Dolby Atmos ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സാങ്കേതിക മികവും ശക്തമായ കഥാപറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് 'ജെന്റില്‍മാന്‍'. മെഗാ പ്രൊഡ്യൂസര്‍ കെ.ടി. കുഞ്ഞുമോന്‍ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

1993-ല്‍ പുറത്തിറങ്ങിയ 'ജെന്റില്‍മാന്‍' സംവിധായകന്‍ ശങ്കര്‍ ഒരുക്കിയ ആദ്യ ഫീച്ചര്‍ ചിത്രമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വാണിജ്യ സിനിമയുടെ അവതരണശൈലിയുമായി സമന്വയിപ്പിച്ച ചിത്രം ഇന്ത്യന്‍ സിനിമയിലെ ഒരു വലിയ വഴിത്തിരിവായി മാറി. ആക്ഷന്‍ കിംഗ് അര്‍ജുന്‍ നായകനായ ചിത്രത്തില്‍ മധുബാലയാണ് നായിക. ഗൗണ്ടമണി, സെന്തില്‍, ചാരുഹാസന്‍, സുബാഷ്രി, വിനീത് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സംഗീതം: എ.ആര്‍. റഹ്‌മാന്‍, കഥ,സംഭാഷണം : ബാലകുമാരന്‍, വരികള്‍: വൈരമുത്തു, വാലി, ഛായാഗ്രഹണം: ജീവ, എഡിറ്റിംഗ്: ബി. ലെനിന്‍, വി.ടി. വിജയന്‍, കലാസംവിധാനം: തോട്ടാ തരാണി. ഈ ടീമിന്റെ മികവാണ് ചിത്രത്തെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ടെക്‌നിക്കല്‍ സിനിമകളിലൊന്നാക്കി മാറ്റിയത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ക്യാപിറ്റേഷന്‍ ഫീസും സാധാരണക്കാരുടെ സ്വപ്നങ്ങളെ എങ്ങനെ തകര്‍ക്കുന്നു എന്ന സാമൂഹിക വിഷയമാണ് 'ജെന്റില്‍മാന്‍' കൈകാര്യം ചെയ്യുന്നത്.ആക്ഷന്‍, പ്രണയം, ഹാസ്യം, സാമൂഹിക സന്ദേശം എന്നിവയുടെ മികച്ച സമന്വയമായ ചിത്രം ഇന്നും പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ പുതിയ തലമുറയ്ക്കും ആസ്വദിക്കാനാകുന്ന ക്ലാസിക്കായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ഓസ്‌കര്‍ ജേതാവായ എ.ആര്‍. റഹ്‌മാന്‍ ആണ്. പുറത്തിറങ്ങിയ സമയത്ത് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രാജ്യവ്യാപകമായി വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്നും ആരാധകര്‍ ഏറ്റുപാടുന്ന ഗാനങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

റീ-റിലീസിനായി ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പൂര്‍ണമായും 4K ഡിജിറ്റല്‍ റീസ്റ്റോറേഷന്‍ ചെയ്തിട്ടുണ്ട്. അതോടൊപ്പം Dolby Atmos ശബ്ദ സംവിധാനവും ഉള്‍പ്പെടുത്തിയതോടെ ഇന്നത്തെ തലമുറയ്ക്ക് കൂടുതല്‍ മികച്ച സിനിമാ അനുഭവം സമ്മാനിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. 33 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ചിരിക്കുന്ന ഈ ക്ലാസിക് ചിത്രം വീണ്ടും വലിയ സ്‌ക്രീനില്‍ എത്തുമ്പോള്‍, പഴയ തലമുറയ്ക്ക് ഓര്‍മ്മകളുടെ വിരുന്നും പുതിയ തലമുറയ്ക്ക് ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നിനെ അനുഭവിക്കാനുള്ള അവസരവുമാകും.

Content Highlights: 'Gentleman' returns to theaters after 33 years; KT Kunjumon brings a 4K Atmos version.

To advertise here,contact us