ഒടിടി റിലീസിന് ശേഷം ‘അനോമി’ക്ക് ലഭിക്കുന്ന സ്നേഹവും പ്രതികരണങ്ങളും സന്തോഷം നൽകുന്നു: റിയാസ് മാരത്ത്

ചർച്ചയാകുന്നത് ചിത്രത്തിന്റെ ക്ലൈമാക്സിൽ അവതരിപ്പിക്കുന്ന ‘ദി ഇക്വേഷൻ ഓഫ് ഡെത്ത്’ എന്ന ആശയമാണ്.

മലയാള സിനിമയുടെ പതിവ് ശൈലികളിൽ നിന്നും മാറ്റിയെടുത്ത ഒരു ചിത്രമാണ് റിയാസ് മാരത്ത് സംവിധാനം ചെയ്ത 'അനോമി'.സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ചിത്രമായ ‘അനോമി – ദി ഇക്വേഷൻ ഓഫ് ഡെത്ത്’ ആമസോൺ പ്രൈം വീഡിയോ റിലീസിന് പിന്നാലെ ഇന്ത്യയിലുടനീളം ശ്രദ്ധേയമായ പ്രേക്ഷകസ്വീകാര്യത നേടി മുന്നേറുകയാണ്. തിയറ്റർ റിലീസിൽ ശ്രദ്ധ നേടിയ ചിത്രം ഒടിടി റിലീസിന് ശേഷം കൂടുതൽ വിപുലമായ പ്രേക്ഷകവൃന്ദത്തിലേക്ക് എത്തിയിരിക്കുന്നു. ചിത്രത്തിന്റെ അവതരണശൈലി, പശ്ചാത്തല സംഗീതം, ശബ്ദ രൂപകൽപ്പന, ദൃശ്യഭംഗി എന്നിവയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ചിത്രത്തിന്റെ ക്ലൈമാക്സിൽ അവതരിപ്പിക്കുന്ന ‘ദി ഇക്വേഷൻ ഓഫ് ഡെത്ത്’ എന്ന ആശയമാണ്. മരണാനന്തര അനുഭവത്തെ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന ഈ ഭാഗവും ‘ആഫ്റ്റർ ഡെത്ത്’ ദൃശ്യങ്ങളും മലയാള സിനിമയിൽ അപൂർവമായി പരീക്ഷിക്കപ്പെട്ട ഒന്നാണെന്നും നിരവധി പ്രേക്ഷകരും നിരൂപകരും അഭിപ്രായപ്പെടുന്നു. സയൻസ് ഫിക്ഷൻ, മിസ്റ്ററി, സൈക്കോളജിക്കൽ ത്രില്ലർ എന്നീ ഘടകങ്ങളെ സമന്വയിപ്പിച്ച് ഒരുക്കിയ ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫിയും പ്രൊഡക്ഷൻ ഡിസൈനും വലിയ പ്രശംസ നേടുന്നുണ്ട്.

ഒടിടി റിലീസിന് ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ച് സംവിധായകൻ റിയാസ് മാരത്ത് പറഞ്ഞത്, ഒരു സിനിമ തിയറ്റർ റിലീസിന് ശേഷവും പ്രേക്ഷകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുക എന്നത് ഏതൊരു സംവിധായകനും സന്തോഷം നൽകുന്ന കാര്യമാണെന്നും, ഒടിടി റിലീസിന് ശേഷം ‘അനോമി’ക്ക് ലഭിക്കുന്ന സ്നേഹവും പ്രത്യേകിച്ച് ക്ലൈമാക്സിനും ‘ദി ഇക്വേഷൻ ഓഫ് ഡെത്ത്’ ആശയത്തിനും ലഭിക്കുന്ന പ്രതികരണങ്ങളും ഏറെ സന്തോഷം നൽകുന്നുവെന്നുമാണ്. സിനിമ കണ്ട ഓരോ പ്രേക്ഷകനും അദ്ദേഹം ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുകയും ചെയ്തു. മലയാള സിനിമയിൽ വ്യത്യസ്തമായ ആശയവും സാങ്കേതിക മികവും ഒരുമിപ്പിച്ച ‘അനോമി – ദി ഇക്വേഷൻ ഓഫ് ഡെത്ത്’ ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നുണ്ട്.

Content Highlights: Director Riyas Marath has expressed his joy over the positive audience response to Anomie after its OTT release. Starring Bhavana in the lead role, the film has been widely appreciated by viewers on the streaming platform, with the director thanking audiences for their support.

To advertise here,contact us