ക്വിൻ്റൽ ഇടിയുമായി മമ്മൂക്ക, ഫീൽ ഗുഡ് ഡ്രാമയുമായി ലാലേട്ടൻ; വമ്പൻ സിനിമകളുമായി Big M's

നിലവിൽ തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നേരത്തെ പുറത്തുവന്നിരുന്നു

വമ്പൻ സിനിമകളുമായി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങൾ. ഈ വർഷവും അടുത്ത വർഷവുമായി പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ എല്ലാം തന്നെ പ്രതീക്ഷയുണർത്തുന്നതാണ്. നിലവിൽ തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നേരത്തെ പുറത്തുവന്നിരുന്നു.

ചിത്രത്തിനായി മോഹന്‍ലാല്‍ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹന്‍ലാലിന്റെ ചിത്രം ആരാധകര്‍ ഉള്‍പ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. ചിത്രം ഡിസംബറിൽ പുറത്തുവരും. ദിലീഷ് പോത്തൻ-മോഹൻലാൽ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നെടുങ്കണ്ടം മിറാക്കിൾ എന്നാണ് ചിത്രത്തിന്റെ പേര്. ജോൺ ആന്റ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോണാണ്. മലൈക്കോട്ടെ വാലിബന്റെ നിർമാതാക്കളായിരുന്നു ജോൺ ആന്റ് മേരി ക്രിയേറ്റീവ്. ചിത്രത്തിന്റെ വിതരണം നിർവഹിക്കുക ഭാവന റിലീസ് ആയിരിക്കും.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്‌കരനും പോൾസൺ സ്‌കറിയയും ചേർന്നാണ്. ചിത്രത്തിനായി ഷൈജു ഖാലിദ് ക്യാമറ ചലിപ്പിക്കുമ്പോൾ സംഗീതസംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിങ്ങിനായി അണിനിരക്കുന്നത് സൈജു ശ്രീധരനാണ്. പ്രൊഡക്ഷൻ ഡിസൈനറായി അജയൻ ചാലിശ്ശേരിയും മേക്കപ്പിനായി റോണക്‌സ് സേവ്യറും ചിത്രത്തിന്റെ ക്രൂവിലുണ്ട്. യെല്ലോടൂത്ത്‌സാണ് പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നത്.

മമ്മൂട്ടിയുടേതായി ഇനി പുറത്തുവരുന്നതും മാസ്സ് എന്റർടെയ്നറുകളാണ്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മട്ടാഞ്ചേരി മാഫിയ വലിയ പ്രതീക്ഷയിലാണ് എത്താനൊരുങ്ങുന്നത്. ‘ഉണ്ട’ എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടി– ഖാലിദ് റഹ്മാന്‍ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് മട്ടാഞ്ചേരി മാഫിയ. ഗ്യാങ്സ്റ്റർ കോമഡി ആക്‌ഷൻ എന്റർടെയ്നറാകും ചിത്രം. മമ്മൂട്ടിയ്‌ക്കൊപ്പം നസ്ലെനും ആസിഫ് അലിയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്ലാൻ ബി മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ബി രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് സിനിമയുടെ നിർമാണം. നിയോഗ് കൃഷ്ണ, ഷറഫ്-സുഹാസ്, തസ്‌രീഖ് അബ്ദുൽ സലാം എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം, സംഗീതം റെക്സ് വിജയൻ. സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം ആണ്.

ഇതിനൊപ്പം നിതീഷ് സഹദേവ് സിനിമയും മമ്മൂട്ടിയുടേതായി പുറത്തിറങ്ങും. മമ്മൂട്ടി കമ്പനിയും കാവ്യ ഫിലിംസും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഈ നിതീഷ് സഹദേവ് ചിത്രമൊരുങ്ങുന്നത്. ജിംഷി ഖാലിദ് ആണ് കാമറ വിഷ്ണു വിജയ് ആണ് മ്യൂസിക് കൈകാര്യം ചെയ്യുന്നത്. കേരള-തമിഴ്നാട് ബോർഡർ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയിൽ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റർ ആയിട്ടാണ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു പക്കാ ഫൺ ആക്ഷൻ കൊമേർഷ്യൽ സിനിമയായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയില്ലെന്നും പകരം ഒൻപത് വയസുള്ള ഒരു കുട്ടിയാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നതെന്നുമാണ് മറ്റൊരു റിപ്പോർട്ട്. സിനിമയുടെ ഷൂട്ട് ഉടൻ ആരംഭിക്കും.

Content Highlights: Mammootty is set to return with a hard-hitting mass entertainer, while Mohanlal is gearing up with a feel-good drama. Here's a look at the exciting upcoming films of Malayalam cinema's Big M's.

To advertise here,contact us