

സിനിമാ മോഖലയിലെ വലിയ രീതിയില്‍ പ്രായ വിവേചനം നടക്കുന്നുണ്ടെന്ന് ബോളിവുഡ് താരം ഇഷ കോപികര്‍. പുരുഷന്മാര്ക്ക് പ്രായമാകുന്നത് പ്രശ്നമില്ലെന്നും സ്ത്രീകള്‍ക്ക് പ്രായമാകുന്നത് വലിയ കുറവായി കണക്കാക്കുകയുമാണെന്നാണ് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത്. പ്രായമാകുമ്പോള്‍ സ്ത്രീകള്‍ ചുരുങ്ങി പോകുകയല്ലെന്നും മറിച്ച് അവളുടെ വ്യക്തിത്വത്തിന് ആഴം കൂടുകയാണെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.
സിനിമാ ഫീല്‍ഡില്‍ പ്രായവിവേചനം എപ്പോഴും സ്ത്രീകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇഷ പറഞ്ഞു. സ്ത്രീയുടെ മുഖത്തുള്ള ചുളിവുകള്‍ അവളുടെ പ്രായത്തെ മാത്രമല്ല, അവളുടെ പോരാട്ടങ്ങളെക്കൂടിയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും ഇഷ വീഡിയോയില്‍ പറയുന്നു.
'ഒരു സ്ത്രീയുടെ സൗന്ദര്യം അവളുടെ മുഖത്ത് മാത്രമല്ല, അവളുടെ ജീവിതയാത്രയില്‍ അത് കാണാം. മുഖത്തെ ചുളിവുകള്‍ അവളുടെ പ്രായത്തെ മാത്രമല്ല, അവളുടെ പോരാട്ടങ്ങളെക്കൂടിയാണ് പ്രതിനിധാനം ചെയ്യുന്നത്. ജീവിതാനുഭവങ്ങളും ഉണങ്ങിയ മുറിവുകളും അതില്‍ കാണാം. നിങ്ങളുടെ അമ്മയും സഹോദരിയും മകളും, ഒരു ദിവസം നിങ്ങളും പ്രായമാകും. അതുകൊണ്ട് തന്നെ പ്രായമാകുന്നതിനെ ഒരു അപമാനമായി കാണരുത്. എല്ലാ പ്രായത്തിലും സ്ത്രീകളെ ബഹുമാനിക്കുക. അവരുടെ പ്രായം നോക്കരുത്, മറിച്ച് അവരുടെ യാത്ര നോക്കുക. അവരുടെ തൊലി നോക്കരുത്, അവരുടെ ശക്തി നോക്കുക. ഇത് മനസ്സിലാക്കുക. ആത്മവിശ്വാസത്തിന് പ്രായമില്ല. സൗന്ദര്യത്തെ പ്രായം കൊണ്ട് അളക്കുന്ന രീതി ലോകം പണ്ടേ അവസാനിപ്പിക്കേണ്ടതായിരുന്നു'; ഇഷ വ്യക്തമാക്കി.
2024ല്‍ റിലീസായ'അയലാ'നില് ആണ് ഇഷ അവസാനം അഭിനയിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു ചിത്രത്തിലെ നായകന്. 2006ല്‍ പുറത്തിറങ്ങിയ ഫര്ഹാന് അക്തര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഡോണില്‍ ഷാരൂഖ് ഖാനും പ്രിയങ്കാ ചോപ്രക്കുമൊപ്പം ഇഷ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Isha Koppikar states that ageism in the film industry always targets women. She added that women do not diminish as they age; rather, their personalities gain depth