അഭിനേത്രി, നര്‍ത്തകി എന്നീ നിലകളില്‍ എല്ലാം സ്വാസികയുടെ വിജയം ശ്രദ്ധേയയായിരുന്നുവെങ്കിലും മലയാള സിനിമയിൽ അര്‍ഹിക്കുന്ന മികച്ചൊരു വേഷം സ്വാസികയ്ക്ക് ലഭിച്ചിരുന്നില്ല. സീരിയലുകള്‍ ചെയ്യുമ്പോഴും സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ സ്വാസിക ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തമിഴില്‍ ചെറിയ ചെറിയ വേഷങ്ങളെല്ല, അഭിനയ സാധ്യതയുള്ള വലിയ വേഷങ്ങളാണ് സ്വാസികയെ തേടിയെത്തുന്നത്. വീണ്ടും വീണ്ടും സ്വാസിക തമിഴില്‍ അമ്പരപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ സ്വാസികയെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മലയാള സിനിമയിൽ സ്വാസികയ്ക്ക് മികച്ച അവസരങ്ങൾ എന്തുകൊണ്ട് ലഭിക്കുന്നില്ല എന്നതിനെക്കുയർച്ച് ആലോചിച്ചിട്ടുണ്ടെന്നും ആത്മാർഥമായി കലയെ സ്നേഹിക്കുന്ന ഒരാൾക്ക് കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കണമെന്ന ആഗ്രഹം ഉണ്ടെന്നും ഐശ്വര്യ പറഞ്ഞു. സ്വന്തം പ്രായത്തേക്കാൾ വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ് സ്വാസിക ചെയ്യുന്നതെന്നും അതിൽ ഒരു പ്രശ്നവും ഇല്ലാത്ത നടിയാണ് സ്വാസികയെന്നും നടി പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘കുമാരി’ സിനിമയിൽ ഒരുമിച്ച് അഭിനയിച്ച സമയത്ത്, ഞങ്ങൾ ഒരുമിച്ചുള്ള സീനുകൾ കാണുമ്പോൾ പുറത്തുനിന്ന് പലരും സ്വാസികയുടെ കണ്ണുകളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. ഭയങ്കര രസമായിട്ടാണ് അവൾ അഭിനയിക്കുക. അതുകൊണ്ട് തന്നെ എപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, സ്വാസിക കുറച്ചുകൂടി മികച്ച അവസരങ്ങൾ അർഹിക്കുന്ന ഒരു നടിയാണെന്ന്. എന്തുകൊണ്ടാണ് അവൾക്ക് കൂടുതൽ നായിക വേഷങ്ങളോ ശക്തമായ കഥാപാത്രങ്ങളോ മലയാളത്തിൽ ലഭിക്കാത്തതെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
എനിക്ക് സ്വാസികയെ വളരെ ഇഷ്ടമാണ്, മമിതയെ പോലെ സ്വന്തമായി ഒരു സ്പേസ് സ്വാസിക സൃഷ്ടിച്ചിട്ടുണ്ട്. ആളുകൾക്ക് അവളോട് വലിയ ബഹുമാനമാണ്. ഒരു സ്റ്റാർ വൈബ് ഉണ്ടാക്കാനുള്ള ശ്രമമൊന്നും സ്വാസിക നടത്തുന്നില്ല . അവൾക്ക് ഡാൻസ് ചെയ്യാനോ സ്റ്റേജ് ഷോകൾ ചെയ്യാനോ കിട്ടിയാൽ അതിന് പോകും. അതല്ലാതെ ഞാൻ ഇപ്പോൾ സിനിമ മാത്രമേ ചെയ്യൂ എന്ന രീതിയിലുള്ള നിയന്ത്രണങ്ങളൊന്നും അവൾക്കില്ല.
അത്രയും ആത്മാർഥമായി കലയെ സ്നേഹിക്കുന്ന ഒരാൾക്ക് കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കണം. സ്വാസിക കറുപ്പ് സിനിമയിലെ പോലൊരു കഥാപാത്രവും ചെയ്യും, ‘നൂറു സാമി’യിലെ പോലൊരു കഥാപാത്രവും ചെയ്യും. അത്തരത്തിലുള്ള വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്വന്തം പ്രായത്തേക്കാൾ വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ് അവൾ അധികവും ചെയുന്നത് . പക്ഷേ അതൊന്നും അവളുടെ വളർച്ചയ്ക്ക് ഒരു തടസ്സമായിട്ടില്ല. സ്വാസികയുടെ ആ ധൈര്യം എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlights: Aishwarya Lekshmi has expressed strong appreciation for Swasika’s acting talent, stating that she deserves more strong and meaningful roles in Malayalam cinema. Her comment has sparked attention in the industry, with fans agreeing that Swasika’s performances have been consistently impressive and deserving of wider recognition.