മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഐശ്വര്യ തമിഴിലും തെലുങ്കിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. നടിയുടേതായി തിയേറ്ററിൽ എത്തിയ ചിത്രമാണ് ഗാട്ട ഗുസ്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ തന്നെ ഡസ്കി ബ്യൂട്ടി എന്ന് ആളുകൾ വിളിക്കുന്നത് സന്തോഷം ഉണ്ടെന്നും എന്നാൽ വെളുപ്പിനോട് താരതമ്യം ചെയ്യുന്നതിലാണ് പ്രശ്നമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘എന്നെ ‘ഡസ്കി ബ്യൂട്ടി’ എന്ന് വിളിക്കുന്നത് കാണാറുണ്ട്. അതിൽ എനിക്ക് വിഷമം ഇല്ല. പക്ഷെ അപ്പോഴും താരതമ്യം ചെയ്യുന്നത് വെളുത്ത നിറത്തോടാണ്. ഈ വിഷയത്തിന്റെ റൂട്ട് കോസ് കണ്ടെത്തണമെങ്കിൽ ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെ കാലം മുതൽ തുടങ്ങണം. ആ കാലം മുതൽ തന്നെ ബഹുമാനവും അധികാരവും സൗന്ദര്യവും വെളുത്ത നിറവുമായി ബന്ധപ്പെടുത്തി കാണുന്ന ഒരു രീതിയുണ്ടായി. അതുകൊണ്ടാണ് നമ്മളിൽ പലർക്കും വെളുത്ത നിറമുള്ളവരാണ് കൂടുതൽ സൗന്ദര്യമുള്ളവർ എന്ന ധാരണ വന്നത്. പക്ഷേ അത് ശരിയല്ല. ഇത്രയും കാലം സമൂഹത്തിൽ ആഴത്തിൽ വേരൂന്നിക്കിടന്ന ഒരു ചിന്താഗതിയായതുകൊണ്ട് അത് മാറാൻ സമയമെടുക്കും.
ചില വീഡിയോകളിലും മറ്റും എന്നെ ‘ഡസ്കി ബ്യൂട്ടി’ എന്ന് വിളിക്കുന്നത് കാണാറുണ്ട്. അത് മോശം കാര്യമാണെന്ന് ഞാൻ പറയുന്നില്ല. ഞാൻ ഡസ്കിയാണെന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ അവിടെയും എന്നെ താരതമ്യം ചെയ്യുന്നത് വെളുത്ത നിറത്തോടാണ്. അതിന്റെ താഴെയുള്ള നിറങ്ങളെ മോശമായി കാണുന്ന ഒരു തോന്നൽ വരാൻ പാടില്ലല്ലോ. സ്കിൻ കളർ അല്ല ഒരാളെ നിർവചിക്കുന്നത്. അതിന് പിന്നിലുള്ളതെല്ലാം എല്ലാ മനുഷ്യർക്കും ഒരുപോലെയാണ്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlights: Aishwarya Lekshmi has shared her views on the phrase "dusky beauty," saying it inherently compares darker skin with fair skin. She emphasized that beauty should not be defined by complexion and called for a more inclusive way of appreciating people without attaching labels based on skin tone.