23 ലക്ഷം രൂപയ്ക്ക് നിർമിച്ച കിരീടം അന്ന് എത്ര ലാഭം നേടി, വെളിപ്പെടുത്തി നിർമാതാവ്

കിരീടത്തിന്റെ സീക്കൽ ചെങ്കോൽ ചെയ്തു. പക്ഷെ കിരീടത്തിന്റെ പോലൊരു കളക്ഷൻ വന്നില്ല. എങ്കിലും ചെങ്കോലിലെക്കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക് ലഭിച്ചത്

സേതുമാധവൻ സമ്മാനിച്ച വിങ്ങലും ശൂന്യതയും ഇന്നും മലയാളി പ്രേക്ഷകരിൽ നിന്നും വിട്ടുമാഞ്ഞിട്ടുണ്ടാവില്ല. 37 വർഷങ്ങൾക്കിപ്പുറം 'കിരീടം' ബി​ഗ് സ്ക്രീനിൽ പുത്തൻ സാങ്കേതികവിദ്യയോടെ തിരിച്ചെത്തുകയാണ്. ജൂലൈ 10ന് മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ 23 ലക്ഷത്തിനാണ് ചിത്രം അന്ന് നിർമിച്ചതെന്നും ലഭിച്ച ലാഭം എത്രയാണെന്നും പറയുകായാണ് നിർമാതാവ് എന്‍. കൃഷ്ണകുമാർ.

'23 ദിവസം കൊണ്ടാണ് കിരീടം പരിപൂർണമായി ഷൂട്ട് ചെയ്ത് കഴിഞ്ഞത്. ടോട്ടൽ കോസ്റ്റ് വന്നത് 23 അര ലക്ഷം രൂപയാണ്. കൃത്യം എത്ര കളക്ഷൻ കിട്ടിയെന്ന് അറിയില്ല കാരണം ഡിസ്ട്രിബൂഷൻക്കാർക്ക് മുഴുവൻ കൊടുത്തു. ഔട്ടറേറ്റ് ബിസിനസ് ആയിരുന്നു. നഷ്ടം വന്നാൽ സഹിച്ചു ലാഭം ഉണ്ടെങ്കിൽ അവർ അത് എടുക്കും. അതിൽ നമ്മുക്ക് ഒന്നും കിട്ടില്ല. നമ്മൾ കാശിന്റെ പുറകെ ഓടിയിട്ട് കാര്യമില്ല, നല്ലൊരു സബ്ജക്റ്റ് ചെയ്യാൻ വിചാരിച്ചാൽ നമ്മൾ അതിന് അർഹതപ്പെട്ട കാശ് ചെലവാക്കിയേ പറ്റു. ഞാൻ എടുത്തിട്ടുള്ള എല്ലാ സിനിമകളും ഏതെങ്കിലും ഒരു ഇഷ്യൂവിനെ ബേസ് ചെയ്തായിരിക്കും കഥ പറയുന്നത്. കിരീടത്തിന്റെ സീക്കൽ ചെങ്കോൽ ചെയ്തു. പക്ഷെ കിരീടത്തിന്റെ പോലൊരു കളക്ഷൻ വന്നില്ല. എങ്കിലും ചെങ്കോലിലെക്കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക് ലഭിച്ചത്.' എന്‍. കൃഷ്ണകുമാർ പറഞ്ഞു.

ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

കൃപാ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിര്‍മിച്ചത്. മോഹന്‍ലാല്‍ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയര്‍ത്തിയ സിനിമ, കിരീടം എന്ന് കേള്‍ക്കുമ്പോള്‍ സേതുമാധവനെ ആദ്യവും ലാലിനെ പിന്നീടും ഓര്‍ക്കുന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിനിമ. മനുഷ്യരിലെ നിസഹായതയെ ആഴത്തില്‍ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിന്റെ ഉള്‍പ്പെരുപ്പറിയുന്ന മാസ്റ്റര്‍ സ്റ്റോറി ടെല്ലറുടെ, സിബി മലയില്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ, ജോണ്‍സണ്‍ എന്ന സംഗീത മാന്ത്രികന്റെ സിനിമ.

സേതുമാധവനും അച്യുതന്‍ നായരുമായി മോഹന്‍ലാല്‍- തിലകന്‍ ഓണ്‍സ്‌ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്.

അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേര്‍ന്ന മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്‌ക്രീനില്‍ എത്തുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, തിക്കുറിശ്ശി, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാന്‍ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസില്‍ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, പാര്‍വതി, മണിയന്‍പിള്ള രാജു, ഉഷ, യദു കൃഷ്ണന്‍, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Content Highlights: A producer associated with the classic Malayalam film Kireedam has reportedly disclosed details about the profit earned by the movie after its release. The 1989 film, widely regarded as one of the most iconic performances of Mohanlal, was made on a modest budget but went on to achieve strong box office returns for its time. The latest revelation offers insight into how the film performed commercially in an era when Malayalam cinema operated on comparatively low production scales, further reinforcing its status as both a critical and financial success.

To advertise here,contact us