മലയാളികൾക്കിടയിൽ ഉൾപ്പെടെ വളരെ പ്രശസ്തനായ കന്നഡ നടൻ ആണ് രക്ഷിത് ഷെട്ടി. ചാർളി 777, കിരിക് പാർട്ടി, സപ്ത സാഗരദാച്ചേ എല്ലോ എന്നീ രക്ഷിത് സിനിമകൾ മലയാളികൾ ഉൾപ്പെടെ ഏറ്റെടുത്തതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടനെക്കുറിച്ച് യാതൊരു വിവരവുമില്ല. രക്ഷിത് എവിടെയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും സോഷ്യൽ മീഡിയ പേജുകളിലുമൊക്കെ ആരാധകർ തിരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് സംഗീത സംവിധായകനും രക്ഷിതിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളുമായ അജനീഷ് ലോകനാഥ്.
'രണ്ട് മൂന്ന് മാസങ്ങൾക്ക് മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം എഴുത്തിലാണ്. ഞാൻ എവിടെ പോയാലും രക്ഷിത് ഷെട്ടി എവിടെയെന്ന് എന്നോട് ആളുകൾ ചോദിക്കുന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ, നമ്മൾ തമ്മിൽ ബന്ധമില്ല എന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ പറയാനാകില്ല. രക്ഷിതിന്റെ മൈൻഡ് സെറ്റ് വേറെയാണ്. അദ്ദേഹം ചെയ്യുന്ന സിനിമകൾ തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടിലുള്ളതാണ്. അദ്ദേഹത്തിന്റെ ജീവിതവും സിനിമയും രണ്ടും രണ്ടല്ല, ഒന്നാണ്. അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നാണ് അദ്ദേഹം എഴുതുന്നത്.
അദ്ദേഹം അങ്ങനെയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വേറെയാണ്. അദ്ദേഹം വളരെ സ്പിരിച്വലാണ്. സിനിമയെ ആരാധിക്കുന്ന ഒരാളാണ്. അദ്ദേഹം സിനിമയെ കാണുന്ന വിധം തന്നെ വേറെയാണ്. സിനിമ ചെയ്യുന്നതിന് അദ്ദേഹത്തിന്റേതായ ശൈലിയും ആശയങ്ങളുമൊക്കെയുണ്ട്. അതുകൊണ്ടാണ് ഇത്രയും സമയമെടുക്കുന്നത്. അദ്ദേഹം എന്തായാലും തിരിച്ചു വരും. വരുമ്പോൾ അതൊരു വലിയ വരവായിരിക്കും. ഞാൻ അത്രയേ പറയുന്നുള്ളൂ. കഥയുടെ കുറച്ചു കാര്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രോസസ് വ്യത്യസ്തമാണ്', അജനീഷിന്റെ വാക്കുകൾ.
Content Highlights: Music composer Ajaneesh Loknath has responded to questions about Rakshit Shetty's absence from films and social media.