ദേശീയ അവാർഡിനും മുൻപേ, സലിംകുമാർ ഹാസ്യനടൻ മാത്രമല്ലെന്ന് തിരിച്ചറിഞ്ഞത് ഈ ചിത്രത്തിലൂടെയാണ്: പൃഥ്വിരാജ്

അദ്ദേഹത്തിന്റെ ആ വശം എല്ലാവർക്കും അറിയണമെന്നില്ല. അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായാണ് കാണുന്നത്

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാറിന്റെ വിയോഗം മലയാള സിനിമയെ തന്നെ പിടിച്ചുലച്ചത് ആയിരുന്നു. മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റേത് എന്ന് പറയുകയാണ് പൃഥ്വിരാജ്. സലിം കുമാറിന്റെ വിയോഗത്തോടെ അദ്ദേഹത്തെ മനസിൽ കണ്ട പല എഴുത്തുക്കാർക്കും ആ കഥാപാത്രത്തെ തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും പൃഥ്വി പറഞ്ഞു. ദേശീയ അവാർഡിനും മുൻപേ, സലിം കുമാർ ഹാസ്യനടൻ മാത്രമല്ലെന്ന് മലയാളികൾ തിരിച്ചറിഞ്ഞത് അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സലിം കുമാർ എന്നത് പകരം വെക്കാനാകാത്ത ഒരു നടനാണ്. അദ്ദേഹം ചെയ്യാതെ പൂർണത വരാത്ത ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്.കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹം സിനിമയിൽ അത്ര സജീവമല്ലാതായതോടെ, പല എഴുത്തുകാർക്കും തിരക്കഥാകൃത്തുകൾക്കും കഥാപാത്രങ്ങൾ തന്നെ മാറ്റേണ്ടി വന്നിട്ടുണ്ട്. കാരണം, സലിം കുമാർ അല്ലെങ്കിൽ ആ കഥാപാത്രം പൂർണമാകില്ല എന്ന തിരിച്ചറിവാണ്. അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടാണ്.

നടൻ എന്നതിലുപരി, ഞാൻ കണ്ടിട്ടുള്ള നല്ല വ്യക്തിത്വങ്ങളിൽ ഒരാളുമായിരുന്നു അദ്ദേഹം. എന്ത് അഭിപ്രായമാണെങ്കിലും ആരെയും ഭയക്കാതെ തുറന്നുപറയും. ആരുടെ മുന്നിലാണെന്നോ എവിടെയാണെന്നോ അദ്ദേഹം ഒരിക്കലും നോക്കിയിരുന്നില്ല. സാഹിത്യം, ചരിത്രം, രാഷ്ട്രീയം, നാടകം തുടങ്ങി പല മേഖലകളിലും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ വശം എല്ലാവർക്കും അറിയണമെന്നില്ല. അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായാണ് കാണുന്നത്,' പൃഥ്വിരാജ് പറഞ്ഞു.

ദേശീയ അവാർഡ് ലഭിച്ച ശേഷമാണ് സലിം കുമാർ എന്ന നടനെ താൻ ശ്രദ്ധിക്കുന്നതെന്ന് അവതാരകൻ പറയുമ്പോൾ കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സലിം കുമാറിന്റെ വലിയ വഴിത്തിരിവ് ദേശീയ പുരസ്‌കാരത്തിനും മുമ്പേ സംഭവിച്ചിരുന്നുവെന്ന് പൃഥ്വിരാജ് മറുപടി നൽകുന്നുണ്ട്. 'വെറും ഹാസ്യനടനോ സ്വഭാവനടനോ മാത്രമല്ല, അതിഗൗരവമുള്ളതും സങ്കീർണവുമായ കഥാപാത്രങ്ങളും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന മികച്ച നടനാണ് സലിം കുമാർ എന്ന് മലയാളികൾ തിരിച്ചറിഞ്ഞത് 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസാണ്. ആ സിനിമയുടെ ഭാഗമാകാൻ എനിക്കും അവസരം ലഭിച്ചിരുന്നു.

എന്റെ അഭിപ്രായത്തിൽ, സലിം കുമാറിലെ ഗൗരവമുള്ളതും സങ്കീർണവുമായ കഥാപാത്രങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാൻ കഴിയുന്ന നടനെ ആദ്യമായി പൂർണമായി പ്രേക്ഷകർക്ക് കാണിച്ചുതന്ന ചിത്രം അതായിരുന്നു. അദ്ദേഹത്തിനുള്ളിലെ അഭിനയത്തിന്റെ ആഴവും ഗാംഭീര്യവും ആ സിനിമയിലൂടെയാണ് എല്ലാവരും തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്. ആ വിടവ് എത്ര ശ്രമിച്ചാലും പൂർണമായി നികത്താൻ സാധിക്കില്ല,' പൃഥ്വിരാജ് പറഞ്ഞു.

Content Highlights: Prithviraj Sukumaran pays tribute to Salim Kumar, describing him as an actor who can never be replaced in Malayalam cinema. Recalling their collaboration in Achanurangatha Veedu, directed by Lal Jose, Prithviraj says the film first revealed Salim Kumar's extraordinary depth as a serious actor. He also remembers the late actor as an avid reader, a fearless speaker, and a man with immense knowledge of literature, history, politics, and drama, adding that his loss is one the industry can never truly overcome.

To advertise here,contact us