'കുട്ടികാലത്തെ അൺറിസോൾവ്ഡ് ട്രോമകൾ തെറാപ്പിയിലൂടെ മനസിലാക്കാൻ കഴിയും, ആവശ്യമെന്ന് തോന്നിയാൽ സ്വീകരിക്കണം'

പുറത്തുള്ള ആളുകളോട് വളരെ നന്നായി പെരുമാറുമ്പോഴും വീട്ടിലുള്ളവരോട് അങ്ങനെ പെരുമാറാൻ എനിക്ക് പറ്റുന്നില്ലായിരുന്നു. അത് വലിയൊരു പ്രശ്നമായി തോന്നി.

മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള,​ മായാനദി, വരത്തൻ​ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഐശ്വര്യ തമിഴിലും തെലുങ്കിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ തെറാപ്പി കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ. മാതാപിതാക്കളുമായുള്ള പ്രശ്നങ്ങൾ തീർക്കാനും മനസിലാക്കാനും തെറാപ്പി സാഹിയിച്ചുവെന്നും ഐശ്വര്യ പറഞ്ഞു. ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ എല്ലാവരും തെറാപ്പി എടുക്കണമെന്നും നടി കൂട്ടിച്ചേർത്തു. ജെഎഫ്ഡബ്ല്യു ബിഞ്ചിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഞാൻ ഒരു ഇരുപത് വയസ്സ് മുതൽ ആണ് തെറാപ്പി എടുക്കാൻ തുടങ്ങിയത്. അപ്പോഴാണ് ചില കാര്യങ്ങളൊക്കെ ഫിഗർ ഔട്ട് ചെയ്യാൻ പറ്റിയത്. സാധാരണ ഞാൻ എന്റെ സുഹൃത്തുക്കളോടൊക്കെ സംസാരിക്കുമ്പോൾ എല്ലാം ഒക്കെയായിരിക്കും. പക്ഷേ അച്ഛനോടും അമ്മയോടും സംസാരിക്കുമ്പോൾ പെട്ടെന്ന് ദേഷ്യപ്പെടും. പുറത്തുള്ള ആളുകളോട് വളരെ നന്നായി പെരുമാറുമ്പോഴും വീട്ടിലുള്ളവരോട് അങ്ങനെ പെരുമാറാൻ എനിക്ക് പറ്റുന്നില്ലായിരുന്നു. അത് എനിക്ക് വലിയൊരു പ്രശ്നമായി തോന്നി. ചിലപ്പോൾ അച്ഛനെയും അമ്മയെയും വിളിച്ച് ദേഷ്യപ്പെട്ടതിന് ശേഷം സോറി പോലും പറയാറുണ്ടായിരുന്നു. അങ്ങനെയാണ് ആ കാര്യങ്ങൾ ഫിഗർ ഔട്ട് ചെയ്യണമെന്ന തോന്നലിൽ ഞാൻ തെറാപ്പി തുടങ്ങിയത്.

ഞാൻ വളരെ സോഷ്യലായ ഒരാളാണ്. പക്ഷേ എന്റെ മാതാപിതാക്കൾ അങ്ങനെയല്ല. അതുകൊണ്ട് അവരെ അവർ ആയിട്ട് തന്നെ ആക്സെപ്റ്റ് ചെയ്യാൻ എനിക്ക് തെറാപ്പിയുടെ സഹായം വേണ്ടിവന്നു. അല്ലെങ്കിൽ ഞാൻ അവരെ മാറ്റാൻ ശ്രമിക്കുന്നതു പോലെയായിരുന്നു. അവർക്ക് ഇപ്പോൾ ഏകദേശം എഴുപതു വയസ്സായി. അവരുടെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ഞാൻ എന്തിനാണ് അവരെ മാറ്റാൻ ശ്രമിക്കുന്നത്.

ഞാൻ അമ്മയ്ക്ക് ഒരു ബ്രാൻഡഡ് സാരി വാങ്ങിക്കൊടുത്താൽ, ‘എനിക്ക് ഇത്ര വിലയുള്ള സാരിയൊന്നും ആവശ്യമില്ല. എന്തിനാണ് ഇതൊക്കെ വാങ്ങിയത്’ എന്നാണ് അമ്മ പറയുക. എന്റെ ഉള്ളിലെ ഒരു കുട്ടിക്ക് അമ്മയ്ക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹം. പക്ഷേ അമ്മ അത് റിജക്റ്റ് ചെയ്യുകയാണെന്ന തോന്നലായിരുന്നു എനിക്ക്. പിന്നീട് തെറാപ്പിയിലൂടെ മനസ്സിലായത്, അവർ ഇത്തരത്തിൽ ഉള്ള കാര്യങ്ങളിൽ എന്നെ റിജക്റ്റ് ചെയ്യുകയല്ല, മറിച്ച് അത് അവർക്ക് ഒരു ബുദ്ധിമുട്ടായിരിക്കാം എന്നത്. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ വരെ ഞാൻ ഓവർതിങ്ക് ചെയ്യാറുണ്ട്.

പക്ഷേ എനിക്ക് ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടത് എന്റെ മാതാപിതാക്കളാണ്. പക്ഷെ ഞങ്ങളുടെ ഇടയിലെ ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് കുറവൊന്നും ഇല്ല. ഇപ്പോൾ തന്നെ എനിക്ക് അവരുടെ കാര്യത്തിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് എന്റെ അച്ഛനും അമ്മയ്ക്കും അറിയില്ല. റിലേഷൻഷിപ്പ് ഇഷ്യൂസിന് വേണ്ടി നമ്മൾ ഒരു തെറാപ്പിസ്റ്റിനെ കാണുന്നതുപോലെ തന്നെ മാതാപിതാക്കളുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾക്കും പ്രാധാന്യം നൽകണം. കാരണം നമ്മുടെ കുട്ടികാലത്തെ ചില അൺറിസോൾവ്ഡ് ട്രോമകൾ തെറാപ്പിയിലൂടെ മാത്രമാണ് ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ കഴിയുക. അതുകൊണ്ട് ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ എല്ലാവരും തെറാപ്പി എടുക്കണം,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlights:  Actor Aishwarya Lekshmi has candidly spoken about the role therapy has played in her personal growth and emotional well-being. Reflecting on her journey, she shared how therapy helped her gain clarity, develop healthier perspectives, and navigate life's challenges with greater confidence. Her remarks highlight the importance of seeking professional mental health support and embracing self-awareness.

To advertise here,contact us