അനിരുദ്ധും കാവ്യാ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് അനിരുദ്ധിന്റെ അമ്മാവൻ വൈ ജി മഹേന്ദ്രൻ

'ഈ നിമിഷം ഞാൻ അനിരുദ്ധിനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. അവൻ വലിയൊരു വിവാഹത്തിലേക്ക് കടക്കുകയാണ്'

സംഗീത സംവിധായകൻ അനിരുദ്ധും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമയുമായ കാവ്യാ മാരനും തമ്മിൽ വിവാഹിതരാകുകയാണ് എന്ന റിപ്പോർട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ ഉയർന്ന് കേട്ടിരുന്നു. അന്ന് അനിരുദ്ധ് ഇക്കാര്യം പരസ്യമായി നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ അനിരുദ്ധും കാവ്യയും വിവാഹിതരാകാൻ പോകുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ ജി മഹേന്ദ്രൻ.

'ഈ നിമിഷം ഞാൻ അനിരുദ്ധിനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. അവൻ വലിയൊരു വിവാഹത്തിലേക്ക് കടക്കുകയാണ്. എന്റെ അറിവുവെച്ച് അത് ഉറപ്പുള്ള കാര്യമാണ്. അവർ ഇരുവരും വിവാഹിതരാകാൻ പോകുകയാണ്. ആ പെൺകുട്ടി വെറുമൊരു സാധാരണക്കാരിയല്ല. ഇത്ര വലിയൊരു ടീമിനെ കൈകാര്യം ചെയ്യാനുള്ള ശേഷി അവൾക്കുണ്ട്. അവളുടെ പിതാവിന്റെ ബിസിനസ് ജീനുകൾ ലഭിച്ചിട്ടുണ്ട്. അവർ രണ്ടുപേരും മികച്ച ജോഡിയാണ്. അവർ ഇരുവരും ഒന്നിച്ചുചേർന്ന് മ്യൂസിക്കൽ ബിസിനസ് നടത്തണം', മഹേന്ദ്രന്റെ വാക്കുകൾ.

കെപിടിവി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഹേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. എന്നാൽ കാവ്യാ മാരന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല. അനിരുദ്ധും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ രണ്ട് വർഷം മുമ്പ് തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരെയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് ഈ വാർത്തകൾ വന്നത്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് കാവ്യ. 2018ലാണ് അവർ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ചുമതലയേൽക്കുന്നത്. അതിനുശേഷം ടീമിന്റെ മത്സരങ്ങൾക്കെല്ലാം സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു. നേരത്തേ അനിരുദ്ധ്-കാവ്യാ വിവാഹക്കാര്യത്തിൽ കുടുംബങ്ങൾ തമ്മിൽ ധാരണയായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹം സ്‌പെയിനിൽ വെച്ച് നടത്താനും ഇതിന് ശേഷം റിസപ്ഷൻ ചെന്നൈയിൽ നടത്താനും കുടുംബങ്ങൾ തീരുമാനിച്ചുവെന്നാണ് അന്ന് വന്ന റിപ്പോർട്ട്.

Content Highlights: Popular music composer Anirudh Ravichander is reportedly set to marry Sun Group executive Kavya Maran. The news was confirmed by actor Y. G. Mahendran, Anirudh's maternal uncle, putting an end to weeks of speculation. The announcement has generated significant buzz among fans and the South Indian film industry.

To advertise here,contact us