തമിഴ് സിനിമയിലെ താര രാജാക്കന്മാരാണ് രജനീകാന്തും കമൽ ഹാസനും. ഇരുവരും തമ്മിലുള്ള സൗഹൃദം വെള്ളിത്തിരയിലെ മത്സരങ്ങൾക്കും അപ്പുറത്താണ്. രജനീകാന്ത് തന്റെ ആദ്യ ചിത്രമായ 'അപൂർവ്വ രാഗങ്ങൾ' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ കമൽ ഹാസൻ തമിഴിലും മലയാളത്തിലും വലിയൊരു താരമായി വളർന്നു കഴിഞ്ഞിരുന്നു. തങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം എങ്ങനെയെന്ന് പറയുകയാണ് കമൽ ഹാസൻ.
'എനിക്ക് ഗോവിന്ദരാജന്‍ എന്നൊരു അടുത്ത സുഹൃത്തുണ്ടായിരുന്നു. ഇന്ന് അവന് ജീവനോടില്ല. അവനെ ഗോവിന്ദ ഹാസന് എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം അവന് എനിക്ക് സഹോദരനെപ്പോലെയായിരുന്നു. എന്റെ സഹോദരനെപ്പോലെ അവനും വക്കീലായിരുന്നു. അവന് വീട്ടിലൊരംഗത്തെപ്പോലെയായിരുന്നു. ഒരു ദിവസം, ഞാന്‍ ഷൂട്ടിലായിരുന്നു, അവന് സുഖമില്ലെന്ന് വിവരം കിട്ടി. ഞങ്ങള്‍ ദിവസവും കാണുന്നവരാണ്. പിന്നീട് അവന് കാന്‍സറാണെന്ന് കണ്ടെത്തി. ഞാനന്ന് ചെറുപ്പമാണ്. അത് എങ്ങനെ എടുക്കണമെന്ന് അറിയില്ലായിരുന്നു.
മരണത്തെ ഞാന്‍ മനസിലാക്കിയിരുന്നില്ല.
ഞാന്‍ ട്രോമയിലായി. ആ സമയത്താണ് ഞാന്‍ അപൂര്‍വ്വ രാഗങ്ങളെന്ന സിനിമ ചെയ്യുന്നത്. ഞാനായിരുന്നു നായകന്. ചിത്രത്തിലൊരു അതിഥി വേഷത്തിലേക്ക് അവര്‍ ശിവാജി റാവു എന്നൊരാളെ തെരഞ്ഞെടുത്തിരുന്നു. ചെന്നൈ ഫിലിം ഇന്‍സ്റ്റിറ്റൂട്ടിലാണ് പഠിച്ചതെങ്കിലും അയാള്‍ ബംഗളൂരുകാരനാണ്. അത്രയേ എനിക്ക് അയാളെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. ഒന്ന് രണ്ട് തവണ ഹലോ പറഞ്ഞിട്ടുണ്ടെന്ന് മാത്രം.
ഒരു ദിവസം ഗോവിന്ദരാജന്‍ എന്റെ ഷൂട്ടിങ് കാണണമെന്ന് പറഞ്ഞു. അന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഷൂട്ടും. വയ്യെങ്കിലും ഗോവിന്ദരാജനോട് ഞാന്‍ വരാന്‍ പറഞ്ഞു. അവന് അന്നൊരു ഫ്രഞ്ച് താടിയായിരുന്നു. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്റെ തന്നെ കമ്പനിയില്‍ ഉള്ള ആളായിരുന്നതിനാല്‍ ഞാന്‍ അതുപോലെ തന്നൊരു താടി രജനികാന്തിനും നല്കാന് പറഞ്ഞു. അദ്ദേഹത്തിന്റേതും ഗോവിന്ദിന്റേത് പോലെ കോലന്‍ മുടിയായിരുന്നു. കാന്‍സര്‍ വന്ന് മരിക്കുന്നയാളുടെ വേഷമാണ് അദ്ദേഹം അഭിനയിക്കുന്നത്. ഗോവിന്ദും സെറ്റിലെത്തിയിരുന്നു. ഇവനെ എനിക്ക് ഇഷ്ടമായി, ഇവനൊരു സ്റ്റൈല്‍ ഉണ്ടെന്ന് അദ്ദേഹത്തെ കണ്ട ഗോവിന്ദ് പറഞ്ഞു. എന്ത് വേഷമാണ് ചെയ്യുന്നതെന്ന് ചോദിച്ചെങ്കിലും അത് പറയാന്‍ എനിക്കായില്ല.
പതിയെ രജനിയില്‍ ഞാന്‍ ഗോവിന്ദരാജനെ കാണാന്‍ തുടങ്ങി. രജനിയോടും ഞാനത് പറഞ്ഞു. എന്റെ സുഹൃത്തിനെയാണ് നിങ്ങളില്‍ ഞാന്‍ കാണുന്നത്. അങ്ങനെ ആ സ്നേഹം അദ്ദേഹത്തിലേക്കും പോയി. അന്ന് മുതല്‍ ഞങ്ങള്‍ ഒന്നിച്ചാണ്. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാകും. പക്ഷെ ഇപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളാണ്,' കമല്‍ ഹാസന് പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
Content Highlights: Veteran actor Kamal Haasan has opened up about his enduring friendship with superstar Rajinikanth. Speaking about their journey together, Kamal recalled the mutual respect, trust and camaraderie that have defined their relationship despite their successful individual careers in Indian cinema.