ജയറാമിന് എളിമ ശകലം കൂടുതലാ, കുറയ്ക്കാൻ ഞാൻ പറയുന്നുണ്ട്; ബൈജു

'ഒരു സ്ഥലത്ത് ആയിരം പേരുണ്ടെങ്കിൽ ജയറാം പറയും അവിടെ ഒരു പതിനായിരം ഉണ്ടെന്ന്. പുള്ളി പണ്ടുതൊട്ടേ അങ്ങനെയാണ്. അത് കേട്ടിരിക്കാന്‍ രസമാണ്'

ജയറാമിനെ കുറിച്ച് നടൻ ബൈജു സന്തോഷ് ഒരു അഭിമുഖത്തിൽ സംസാരിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയാകെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ജയറാമിന് എളിമ കുറച്ച് കൂടിപ്പോയെന്നും അതൊന്ന് കുറയ്ക്കണമെന്ന് താൻ പറയാൻ ഇരിക്കുകയാണെന്നുമാണ് ബൈജു പറഞ്ഞത്. ജയറാം ഇപ്പോൾ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നത് എളിമയുടെ പേരിലാണെന്നും ബൈജു പറഞ്ഞു.

'ഒരു സ്ഥലത്ത് ആയിരം പേരുണ്ടെങ്കിൽ ജയറാം പറയും അവിടെ ഒരു പതിനായിരം ഉണ്ടെന്ന്. പുള്ളി പണ്ടുതൊട്ടേ അങ്ങനെയാണ്. അദ്ദേഹത്തിന്റെ രീതിയാണ്. അത് നേരിട്ട് കേൾക്കാൻ നല്ല രസമാണ്. എളിമ കൂടിപ്പോയതിന്റെ പേരിലാണ് ജയറാമിന് ഇപ്പോൾ കളിയാക്കൽ കേൾക്കുന്നത്. എളിമ കാണിച്ചാലും കുഴപ്പമാണോ ഇപ്പോൾ, എളിമയില്ലെങ്കിൽ അഹങ്കാരിയാണെന്ന് പറഞ്ഞ് കുറ്റം പറയും.

എളിമ കൂടിയതിന്റെ പേരിൽ ജയറാമിനെ ഇപ്പോൾ ട്രോളികൊല്ലുകയാണ്. എന്നാലും എളിമ ശകലം കുറച്ചാൽ നന്നായിരിക്കുമെന്ന് കൂടി എനിക്ക് പറയാനുണ്ട്. ഞാൻ ജയറാമിനോട് പറയാനിരിക്കുകയാണ്. കാരണം മലയാളിക്ക് മുൻപിൽ ഇത്രയും എളിമ വേണ്ട. അത് കൊടുക്കാനും നിൽക്കരുത്. തമിഴിൽ ഓക്കെയാണ്,' ബൈജു പറഞ്ഞു. ഇതേ അഭിമുഖത്തിൽ ജഗദീഷിനെ കുറിച്ചും ബൈജു പറയുന്നുണ്ട്. സ്വന്തം കാര്യം നോക്കാൻ മിടുക്കനാണ് ജഗദീഷ് എന്നാണ് ബൈജു പറയുന്നത്. മൂവി വേള്‍ഡ് മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം.

അടുത്തിടെ ജയറാം തമിഴ് നടനും നിർമാതാവും ശിവാജി ഗണേശന്റെ മകനുമായ രാംകുമാർ ഗണേശന്‍റെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയിരുന്നു. ഈ അഭിമുഖം ഏറെ ചർച്ചയായിരുന്നു.

അഭിമുഖത്തിൽ വലിയ എളിമയോടെയാണ് ജയറാം സംസാരിക്കുന്നത് എന്നായിരുന്നു വിമർശനം. ജയറാം ട്വന്റി20 സിനിമയുടെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട നടത്തിയ ഒരു പരാമർശവും ചർച്ചയായിരുന്നു.

അതേസമയം, ഉയിർ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് ബൈജു സന്തോഷിന്റെ പരാമർശം. റോഷൻ മാത്യു നായകനാകുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് ബൈജു എത്തുന്നത്. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ-ഡ്രാമ വിഭാഗത്തിലാണ് എത്തുന്നത്. വിനോദ് സാഗർ, ശ്രുതി മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlights: Actor Baiju Santhosh makes a funny comment about Jayaram and recent trolls,

To advertise here,contact us