ബാഹുബലി ആദ്യ ഷോ കഴിഞ്ഞപ്പോൾ എങ്ങും നെഗറ്റീവ് റിവ്യൂസ്, വലിയ നഷ്ടം ഉണ്ടാകുമെന്ന് ഭയപ്പെട്ടു: രമ രാജമൗലി

'സിനിമ ഫ്ലോപ്പ് ആയാൽ ആ നഷ്ടം നികത്താനുള്ള ശക്തി നമ്മുടെ പക്കൽ ഇല്ലായിരുന്നു. മണികൊണ്ടയിലുള്ള ചെറിയ സ്ഥലം വിൽക്കാം എന്ന് വരെ പ്ലാനിട്ടു'

ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച സിനിമയാണ് ബാഹുബലി. പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കിയ ചിത്രം എല്ലാ ഭാഷയിലും റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇടക്കിടെ ഉയർന്ന് കേൾക്കാറുണ്ട്. എന്നാൽ ബാഹുബലിക്ക് ആദ്യ ദിനങ്ങളിൽ കടുത്ത നെഗറ്റീവ് റിവ്യൂസ് ആണ് ലഭിച്ചിരുന്നത് എന്നും ചിത്രം ഫ്ലോപ്പ് ആകുമെന്ന് കരുതിയിരുന്നു എന്നും മനസുതുറക്കുകയാണ് രാജമൗലിയുടെ ഭാര്യ രമ രാജമൗലി. നെറ്റ്ഫ്ലിക്സിന്റെ ‘ബാഹുബലി: ദ് ടോർച്ച്ബെയറർ’ എന്ന ഡോക്യുമെന്ററിയിൽ ആണ് രമ ഇത് പറയുന്നത്.

'ആദ്യ ഷോ കഴിഞ്ഞപ്പോൾ ബാഹുബലിക്ക് കിട്ടിയത് മുഴുവൻ നെഗറ്റീവ് റിവ്യൂസ് ആയിരുന്നു. രാജമൗലിയുടെ മുൻ സിനിമകൾക്കും ഇത്തരം എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട്. ആവറേജ് എന്ന് പറഞ്ഞ സിനിമകൾ സൂപ്പർഹിറ്റായിട്ടുണ്ട്. ബാഹുബലിയും അതുപോലെ ഹിറ്റാകും എന്ന് കരുതിയിരുന്നു. പക്ഷേ ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. ഒരുപക്ഷെ സിനിമ ഫ്ലോപ്പ് ആയാൽ ആ നഷ്ടം നികത്താനുള്ള ശക്തി നമ്മുടെ പക്കൽ ഇല്ലായിരുന്നു. മണികൊണ്ടയിലുള്ള ചെറിയ സ്ഥലം വിൽക്കാം എന്ന് വരെ പ്ലാനിട്ടു', രമ രാജമൗലിയുടെ വാക്കുകൾ.

After the initial bad talk, I thought what do we have, we had only one small land in manikonda, even if we sell it, it won't be enough for anything.- Rama Rajamouli garu#BaahubaliTheTorchBearer pic.twitter.com/kc6OfnICGF

റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. 'ബാഹുബലി ദി എറ്റേർണൽ വാർ' എന്ന അനിമേഷൻ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.

സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മഹേന്ദ്ര ബാഹുബലിയുടെ മരണശേഷമുള്ള കഥയാണ് ഈ അനിമേഷൻ ചിത്രം പറയുന്നത്. 127 കോടിയോളം മുതൽമുടക്കിൽ നിർമിച്ചിരിക്കുന്ന ഈ സിനിമയുടെ സംവിധായകൻ ഇഷാൻ ശുക്ലയാണ്. ബാഹുബലിയുടെ സൃഷ്ടാവായ എസ്എസ് രാജമൗലിയാണ് ഈ സിനിമ പ്രെസെന്റ് ചെയ്യുന്നത്. ഈ അനിമേഷൻ ചിത്രം 3D യിലാണ് പുറത്തിറങ്ങാൻ പോകുന്നത്. 2027 ൽ ഈ ചിത്രം പുറത്തിറങ്ങും. ഇഷാൻ ശുക്ലയും സൗമ്യ ശർമ്മയും ചേർന്നാണ് സിനിമയുടെ കഥ ഒരുക്കുന്നത്. ഷോബു യാർലഗദ്ദ, പ്രസാദ് ദേവിനേനി ചേർന്നാണ് നിർമാണം.

Content Highlights: Rama Rajamouli has revealed that the team feared massive losses after Baahubali received negative reviews following its first show. She recalled the anxious moments before the film went on to become a historic blockbuster.

To advertise here,contact us