സിനിമാ സംഘടനയായ 'അമ്മ'യില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ക്കെതിരെ പ്രതികരിച്ച് പൃഥ്വിരാജ്. ഇനി മുന്നോട്ട് ആ സംഘടന എങ്ങനെ കൊണ്ടു പോകണമെന്നത് ഇപ്പോള്‍ തെരഞ്ഞെടുത്ത കമ്മിറ്റിക്ക് സാധിക്കട്ടെയെന്നും പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ഐ നോബഡിയുടെ പ്രസ് മീറ്റിലായിരുന്നു താരത്തിന്റെ പ്രതികരണം.
'ഇന്ന് അമ്മ സംഘടനയില്‍ തീര്‍ച്ചയായിട്ടും എല്ലാവര്ക്കും അറിയുന്ന പോലെ വലിയ തര്‍ക്കങ്ങള്‍ ആശയപരമായിട്ടും അല്ലാതെയും സംഭവിച്ചു. അതിന് സംഘടനയ്ക്കുള്ളില്‍ നിന്നു കൊണ്ട് രമ്യമായ രീതിയില്‍ ഒരു പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ല എന്നതിന്റെ പ്രതിഷേധാര്‍ഹം കുറച്ച് അംഗങ്ങള്‍ അവരുടെ അംഗത്വവും സ്ഥാനങ്ങളും രാജിവച്ചു, അത് യാഥാര്‍ത്ഥ്യം.
അപ്പോള്‍ ഒരു സംഘടനയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? ഒരു ജനറല്‍ബോഡി വിളിച്ചു കൂട്ടി എന്തെങ്കിലുമൊക്കെ ഇവിടെ ഒരു പരിഹാരത്തിന് സാധ്യതയുണ്ടോ എന്ന് ചര്‍ച്ച ചെയ്ത്, എന്നാല്‍ പരിഹാരമില്ല എന്ന് കണ്ടെത്തി കുറച്ച് ആളുകള്‍ സംഘടനയില്‍ നിന്ന് രാജിവച്ചു പോയി, കുറച്ച് ആളുകള്‍ അവരുടെ സ്ഥാനങ്ങള്‍ രാജിവച്ചു. ഇനി മുന്നോട്ട് എന്തു ചെയ്യാമെന്ന എന്നതിന്റെ ഭാഗമായിട്ട് താത്കാലിക അഡ് ഹോക് കമ്മിറ്റി രൂപീകരിച്ചു. ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ സാധിക്കുമോ എന്ന പ്രോസസ് എക്സിക്യൂട്ട് ചെയ്തു. ആ കമ്മറ്റിക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്താന്‍ സാധിക്കട്ടെ'- പൃഥ്വിരാജ് പറഞ്ഞു.
ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന ഐ നോബഡി. ഇ4 എക്സ്പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര് മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന് ജേക്സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി പാടുന്ന ഒരു ഗാനവും ഐ നോബഡിയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. നിലവാരത്തിന്റെയും സിനിമാറ്റിക് അനുഭവത്തിന്റെയും ഉറപ്പായി മാറിയിരിക്കുന്ന ജേക്ക്സ് ബിജോയ് - പ്രിഥ്വിരാജ് കൂട്ടുക്കെട്ട് ഇത്തവണയും ട്രെന്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
അശോകന്, വിജയരാഘവന്, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്മാന്, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്, സന അല്‍താഫ്, കൃഷ്ണന് ബാലകൃഷ്ണന്, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്, ആല്ബിന് അലക്സ്, ജിതിന് മദനന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അതേസമയം, വമ്പന്‍ ലൈനപ്പാണ് പൃഥ്വിരാജിന്റേതായി ഒരുങ്ങുന്നത്. ജൂലൈയില്‍ ഐ നോബഡി, ഓണം റിലീസായി ഓഗസ്റ്റില്‍ ഖലീഫ, സെപ്റ്റംബറില്‍ കരീന കപൂറിനൊപ്പം ഹിന്ദി ചിത്രം ധായ്റ എന്നിവയാണ് റിലീസിനെത്തുന്നത്. ഇവ കൂടാതെ രാജമൗലിയുടെ വാരണാസിയില്‍ പ്രധാന വില്ലന്‍ കഥാപാത്രമായ കുംഭയായി എത്തുന്നതും പൃഥ്വിരാജാണ്. രാഹുല്‍ സദാശിവന് ചിത്രം ഒടിയനാണ് പൃഥ്വിരാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.
Content Highlights: Prithviraj says problems in AMMA organization should be resolved as soon as possible