പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. എല്ലാവരും ആഗ്രഹിച്ച പോലെ തന്നെ തങ്ങൾക്ക് ഖലീഫ എടുക്കാനായി എന്നും താൻ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ് ഖലീഫ എന്നും പൃഥ്വിരാജ് പറഞ്ഞു.
'ഞാൻ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ് ഖലീഫ. ഒരു മെയിൻസ്ട്രീം മാസ്സ് മസാല കൊമേർഷ്യൽ സിനിമയൊരുക്കാൻ വളരെയധികം പാടാണ്. അത്തരം ഒരു ഴോണറിൽ ഒരു വലിയ സിനിമ ചെയ്തു, ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ട പോലെ എങ്ങനെ എടുക്കണം എന്ന് ആഗ്രഹിച്ചോ അതുപോലെ തന്നെ എടുത്ത് ഇന്നിവിടെ നിൽക്കുമ്പോൾ ഒരുപാട് സന്തോഷം. എല്ലാവരും ഫാമിലിയോടൊപ്പം പോയി ചിത്രം കാണണം ഖലീഫ ഒരു നല്ല സിനിമയാകട്ടെ, നല്ല തുടക്കമാകട്ടെ', പൃഥ്വിയുടെ വാക്കുകൾ.
രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാണ് .'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്ലൈൻ. 'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ഒരുക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Content Highlights: Prithviraj Sukumaran describes Khalifa as a full-fledged mass masala commercial entertainer and says the team thoroughly enjoyed making the film. The actor's remarks have increased anticipation for the upcoming release.