ഓരോ വാക്കും ഓരോ ഷോട്ടും ശ്രദ്ധയോടെ ഒരുക്കി, ഭരതനെയും, കെ ജി ജോർജിനെയും ഓർമിപ്പിച്ചു; സത്യൻ അന്തിക്കാട്

'മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ'

മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കിയ 'ബാലന്‍: ദി ബോയ്' മികച്ച പ്രതികരണവുമായി തീയേറ്ററുകളില്‍ നിറഞ്ഞോടുന്നു. അഞ്ച് വയസ്സുകാരനായ ഒരു ബാലന്റെയും അവന്റെ അമ്മയുടെയും കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി സിനിമയെന്നതിനേക്കാള്‍ കൂടുതലായി, സുരക്ഷിതത്വത്തിനായുള്ള ഒരു അമ്മയുടെയും മകന്റെയും നിരന്തരമായ അന്വേഷണമാണ് കാണിക്കുന്നത്. വലിയ താരനിരയെയോ സ്റ്റാര്‍ വാല്യുവിനെയോ ഒന്നും ആശ്രയിക്കാതെ കഥ പറയുന്ന ചിത്രം, മൂന്ന് പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ടാണ് മുന്‍പോട്ട് പോകുന്നത്. ഇപ്പോഴിതാ സിനിമയെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

സത്യൻ അന്തിക്കാടിന്റെ പോസ്റ്റിന്റെ പൂർണരൂപം:

വിനോദയാത്രയുടെ സെറ്റിൽ വെച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്.അന്ന് ചിദംബരം വെറും'ബാലൻ' തന്നെ ആയിരുന്നു. അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നതു കാണാൻ അമ്മയോടൊപ്പം വന്ന ചേട്ടൻകുട്ടി!. സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് എനിക്കോർമ്മയുണ്ട്. ഇപ്പോൾ അതിശയിപ്പിക്കുന്ന മൂന്നാമത്തെ സിനിമയുമായി ചിദംബരം നമ്മുടെ മുമ്പിലെത്തിയിരിക്കുന്നു. ബാലൻ കണ്ടപ്പോൾ എനിക്ക് പി എൻ. മേനോനേയും, ഭരതനേയും, കെ.ജി. ജോർജ്ജിനേയുമൊക്കെ ഓർമ്മ വന്നു.

ന്യൂജെൻ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലമാണിത്. ഇപ്പോഴത്തെ ട്രെൻഡ് ഇതാണ് എന്നു കരുതി പുറത്തിറക്കിയ പല സിനിമകളും നിലം തൊടാതെ പോകുന്നത് നമ്മൾ കണ്ടു. മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ. ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളത്. ജിത്തു മാധവനും, ഷൈജു ഖാലിദുമടക്കമുള്ള മികച്ച ടീമാണ് ചിദംബരത്തിനോടൊപ്പമുള്ളത്. സംഗീതവും, എഡിറ്റിംഗും, കലാസംവിധാനവുമെല്ലാം ഒരേ താളത്തിൽ ഇഴ ചേർന്നു പോകുന്ന കാഴ്ച!

ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ല എന്നുതോന്നിപ്പിക്കുന്ന അഭിനേതാക്കളുടെ നിര. അവരെ കണ്ടെത്തിയ ഗണപതിക്കുമുണ്ട് ഒരു വലിയ സെല്യൂട്ട്. ജീൻ പോൾ ലാൽ പവിത്രനിലൂടെ ഞെട്ടിച്ചു എന്നു തന്നെ പറയണം. ടൊവീനോയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഒട്ടും താരപരിവേഷമില്ലാതെ, സ്വാഭാവികമായി ടൊവിനോ പെരുമാറി. ഫർഹാനയും, അമ്മൂമ്മയും, ലോറിക്കാരനായി രണ്ടു സീനിൽ വന്നു കസറിയ ആനന്ദ് ഏകർഷിയുമൊക്കെ നമുക്കു കിട്ടിയ വരദാനമാണ്. സംസ്കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ. ഈ സിനിമയുമായി സഹകരിച്ച എല്ലാവർക്കും എൻ്റെ സ്നേഹം.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്ന ഫര്‍സാനയും ആദിശേഷും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒപ്പം അതിഥി വേഷത്തില്‍ എത്തുന്ന ടോവിനോ തോമസും, മുത്തശ്ശി കഥാപാത്രത്തെ അവതരിപ്പിച്ച നടിയും ശ്രദ്ധ നേടുന്നു. ജീന്‍ പോള്‍ ലാലിന്റെ കഥാപാത്രവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ജിത്തു മാധവന്റെ തിരക്കഥയും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ഘടകങ്ങളാണ്. വിശാലമായ ദൃശ്യങ്ങളിലൂടെ കഥാപാത്രങ്ങളുടെ ഒറ്റപ്പെടലും സുരക്ഷിതത്വമില്ലായ്മയും പകര്‍ത്താന്‍ ഛായാഗ്രഹണത്തിന് സാധിക്കുന്നു. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ വൈകാരികതയെ കൂടുതല്‍ ആഴത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുമുണ്ട്. മികച്ച കോണ്‍ടെന്റിലൂടെ അന്താരാഷ്ട്ര തലത്തിലേക്ക് ചിറകു വിരിക്കുന്ന മലയാള സിനിമയെയാണ് 'ബാലന്‍ - ദി ബോയ്'ലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത്.

Content Highlights: Sathyan Anthikad fondly recalls the filmmaking excellence of Bharathan and KG George, praising the meticulous attention they gave to every word, frame, and scene in their cinematic works.

To advertise here,contact us