എന്റെ വയർ പ്രോസ്തെറ്റിക് ആണ്, തടി കൂട്ടാനായി ഒരാഴ്ച ദുബൈയിൽ കൂട്ടുകാർക്കൊപ്പം ചിൽ ചെയ്തു; ടൊവിനോ

എല്ലാ ദിവസവും കള്ള് കുടിക്കുന്ന അല്ലെങ്കിൽ ബിരിയാണി തിന്നുന്ന ഒരാൾ ആയതുകൊണ്ട് തടി കൂട്ടാനായി ഒരാഴ്ച ദുബൈയിൽ കൂട്ടുകാർക്കൊപ്പം ചിൽ ചെയ്തുവെന്ന് ടൊവിനോ പറയുന്നു.

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ടൊവിനോ തോമസും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.അബ്ബാസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വളരെ കുറച്ചു സമയം മാത്രമേ ടൊവിനോ സ്ക്രീനിൽ എത്തുന്നുള്ളൂവെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ച പറ്റിയിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിന് വേണ്ടി നടത്തിയ പരിശീലനത്തെ കുറിച്ച് പറയുകയാണ് നടൻ. എല്ലാ ദിവസവും കള്ള് കുടിക്കുന്ന അല്ലെങ്കിൽ ബിരിയാണി തിന്നുന്ന ഒരാൾ ആയതുകൊണ്ട് തടി കൂട്ടാനായി ഒരാഴ്ച ദുബൈയിൽ കൂട്ടുകാർക്കൊപ്പം ചിൽ ചെയ്തുവെന്ന് ടൊവിനോ പറയുന്നു.

'എന്റെ കഥാപാത്രം ആകെ ഒരു പത്തോ പതിനഞ്ചോ മിനിറ്റേ ഈ സിനിമയിലുള്ളൂ. അതിനുള്ളിൽ തന്നെ ആ കാരക്ടറിന്റെ തുടക്കവും മധ്യവും അവസാനവുമുണ്ട്. കാരക്ടർ ആർക് കൃത്യമായിട്ട് ഉണ്ട്. എന്റെ കാരക്ടർ മാത്രമല്ല, ഇതിലേ ഏത് കഥാപാത്രമാണെങ്കിലും അവരുടെ നല്ലതും ചീത്തയുമായിട്ടുള്ള അവരുടെ ബലഹീനതയുമൊക്കെയുണ്ട്. അതൊക്കെയാണ് ആളുകൾക്ക് കൂടുതലും മനസിലാവുകയും റിലേറ്റ് ചെയ്യാൻ പറ്റുകയും ചെയ്യുന്നത്. ഇതുപോലെയൊരു കഥാപാത്രം ചെയ്യാൻ എല്ലാ അഭിനേതാക്കൾക്കും ആ​ഗ്രഹമുണ്ടാകും. ഈ കഥാപാത്രത്തിന്റെ രൂപമൊന്നും എന്നോട് കഥ പറഞ്ഞപ്പോൾ എനിക്കറിയില്ലായിരുന്നു. ഷൂട്ടിന് തൊട്ടുമുൻപാണ് അതൊക്കെ നമ്മൾ തീരുമാനിക്കുന്നത്. കാരക്ടർ എനിക്ക് മൊത്തത്തിൽ ഭയങ്കരമായി വർക്കായി.

എനിക്കും ആദിശേഷനും നൈറ്റ് ഷൂട്ടായിരുന്നു കൂടുതൽ. ആറ് വയസുള്ള കുട്ടിക്ക് രാത്രിയിൽ ഉറക്കം കളയേണ്ട കാര്യമില്ല. ഈ പ്രായത്തിൽ ഇത്രയും വെളിവ് ഉണ്ടാവുക എന്ന് പറയുന്നത് തന്നെ ഭയങ്കര വലിയ കാര്യമാണ്. അവൻ വളരെ പ്രൊഫഷണൽ ആയിട്ടാണ് അഭിനയിക്കുന്നത്. ഞങ്ങൾക്കൊന്നിച്ച് കുറേ സമയം കിട്ടിയാരുന്നു. അവൻ അവന്റെ വീട്ടിലെ കഥ പറയും. ഞാൻ എന്റെ വീട്ടിലെ കഥ പറയും. ഞങ്ങൾക്കങ്ങനെ കുറേ സമയം കിട്ടിയിരുന്നു. ഞങ്ങളുടെ ഷൂട്ട് നടക്കുന്ന സമയത്ത് തന്നെ സിനാൻ അവിടെയുണ്ട്. ബാലനെ ആഴത്തിലേക്ക് എത്തിക്കുന്നത് സിനാൻ വന്നതിന് ശേഷമാണ്. ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന ആളുകളാണ് ഇവരൊക്കെ.

എല്ലാ ദിവസവും കള്ള് കുടിക്കുന്ന അല്ലെങ്കിൽ ബിരിയാണി തിന്നുന്ന ഒരാൾ. അങ്ങനെയാണ് എന്റെ കഥാപാത്രത്തെക്കുറിച്ച് ആദ്യം ചിന്തിച്ചത്. എന്റെ ആ വയർ പ്രോസ്തെറ്റിക് ആണ്. ഞാൻ‌ ഫുൾ ഫിറ്റായി ഇരുന്നാൽ ആ കഥാപാത്രത്തിന് ഒട്ടും സെറ്റാവുകയില്ല. അപ്പോൾ ഞാൻ‌ ഒരാഴ്ച ബ്രേക്ക് എടുത്ത് ദുബായ്ക്ക് പോയി ചില്ല് ചെയ്ത് കവിളൊക്കെ തുടുത്താണ് കേരളത്തിലേക്ക് വരുന്നത്. ആ സമയത്ത് ഞാൻ വർക്കൗട്ടും ചെയ്യുന്നില്ലായിരുന്നു. ശരീരം ഒന്ന് ലൂസ് ആകണമായിരുന്നു".- ടൊവിനോ തോമസ് പറഞ്ഞു.

Content Highlights: Tovino Thomas shared that he recently took a short break in Dubai for a week, during which he focused on gaining weight required for a film role. Along with his preparation, the actor also enjoyed downtime by spending quality time with friends before returning to his busy schedule in the film industry.

To advertise here,contact us