ദിയൂള്‍ ബന്ദ് 2 എന്ന കൊച്ചു മറാത്തി ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. വെറും 9-10 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ മറാത്തിയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ പട്ടികയില്‍ ടോപ് ഫൈവിലെത്തിയിരിക്കുകയാണ്. 80 കോടി ഇതുവരെ നേടിയ ചിത്രം 100 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. എന്നാൽ ഒരു ഘട്ടത്തിൽ ചിത്രം തിയേറ്ററിലേക്ക് എത്തിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിരുന്നില്ല. ഒടുവിൽ ചിത്രം തിയേറ്ററിലെത്തിക്കാൻ അണിയറപ്രവർത്തകർ സഹായിച്ചത് സാക്ഷാൽ ഷാരൂഖ് ഖാൻ ആയിരുന്നു. ഇപ്പോഴിതാ അതിന് നടനോട് നന്ദി പറയുകയാണ് സംവിധായകന് പ്രവീണ്‍ താര്‍ഡെ.
'സിനിമയുടെ ബില്‍ 42 ലക്ഷം ആയി. ഞങ്ങളുടെ പക്കല്‍ അത്രത്തോളം പണമുണ്ടായിരുന്നില്ല. ആ തുക കണ്ടെത്താനുളള സോഴ്സുകളുമുണ്ടായിരുന്നില്ല. ഞങ്ങള്‍ റെഡ് ചില്ലീസിനെ സമീപിക്കുകയും സാഹചര്യം അറിയിക്കുകയും ചെയ്തു. മറാത്തിയിലൊരുങ്ങുന്ന, ചെറിയ സിനിമയാണെന്നും അത്രയും ബജറ്റില്ലെന്നും ഞങ്ങള്‍ പറഞ്ഞു. ഞങ്ങളിത് ലാര്‍ജ് സ്കെയിലില്‍ തന്നെ റിലീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നതും പിന്തുണയ്ക്കണമെന്നും പറഞ്ഞു. വിവരം അറിഞ്ഞതോടെ ഷാരൂഖ് ഖാന് ഇടപെട്ടു. അദ്ദേഹം ടെക്നിക്കല്‍ ടീമിനോട് കാര്യം തിരക്കി. മുല്‍ഷി പാറ്റേണ്‍ ഒരുക്കിയവരുടെ സിനിമയാണെന്ന് അവര്‍ അറിയിച്ചു. മുല്‍ഷി പാറ്റേണ്‍ സല്മാന് ഖാന് അന്തിം ആയി റീമേക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ ഷാരൂഖ് ഖാന് അറിയാം. അദ്ദേഹം ദിയൂള്‍ ബന്ദ് 2വിനെക്കുറിച്ച് ചോദിച്ചു.
നന്നായി ഒരുക്കിയ സിനിമയാണെന്നും അവര്‍ക്ക് ഡിസിപി വേണമെന്നും അറിയിച്ചു. പണമില്ലെന്നതും അറിയിച്ചു. അദ്ദേഹം രണ്ടാമതൊന്ന് ആലോചിക്കാതെ, അവരുടെ ബില്ല് എഴുതിത്തള്ളിയേക്കൂ. ഇതൊരു മറാത്തി സിനിമയാണ്. അവര്‍ക്ക് ഡിസിപി നല്‍കൂ. പ്രതിഫലത്തിന്റെ കാര്യമൊക്കെ പിന്നെ നോക്കാം. നല്ല സിനിമയാണെങ്കില്‍ അവര്‍ക്ക് ഡിസിപി നല്‍കൂ എന്ന് അദ്ദേഹം പറഞ്ഞു. മറാത്തി സിനിമയോട് കാണിച്ച ആദരവായിരുന്നു അത്. അദ്ദേഹത്തിന് പണത്തേക്കാളും വലുത് സിനിമയാണ്. സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഈ ആളുകള്‍ക്കുള്ളതാണ്', പ്രവീണ്‍ താര്ഡെയുടെ വാക്കുകൾ.
യാതൊരു ഗ്യാരണ്ടിയുമില്ലാതെയാണ് അദ്ദേഹം തങ്ങളെ സഹായിച്ചതെന്നും തങ്ങൾ എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്നും താര്‍ഡെ പറഞ്ഞു. ഷാരൂഖ് ഖാന് വേണ്ടി ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിങ് നടത്താന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: A Marathi film has gone on to gross nearly ₹100 crore, becoming a surprise blockbuster and a notable example of how small-budget regional cinema can achieve extraordinary commercial success.