മഞ്ഞുമ്മൽ ബോയ്സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. സിനിമയുടെ മേക്കിങ്ങിനും പ്രകടനങ്ങൾക്കും വലിയ കയ്യടികൾ ലഭിക്കുന്നുണ്ട്. ചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുമ്പോൾ അതിനൊപ്പം അഭിനന്ദനങൾ വാരിക്കൂട്ടുകയാണ് കാസ്റ്റിംഗ് ഡയറക്ടർ ഗണപതി.
ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ നടി ഫർസാന പാലത്തിങ്കൽ, ബാലനായി വേഷമിട്ട ആദിശേഷൻ, സിനാൻ എന്നിവരുടെ പ്രകടനങ്ങൾ ആണ് പ്രധാനമായും എല്ലാവരും എടുത്തുപറയുന്നത്. ഇവരെയെല്ലാം കൃത്യമായി കണ്ടെത്തി സിനിമയിലേക്ക് എത്തിച്ച ഗണപതിയും കയ്യടി അർഹിക്കുന്നു എന്നാണ് കമന്റുകൾ. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ആദിശേഷന് വേണ്ടി കേരളത്തിലെ 40 , 50 സ്കൂളുകളിൽ ഓഡിഷൻ നടത്തിയെന്നും ഫർസാന അവതരിപ്പിച്ച അമ്മ വേഷത്തിനായി 4000 പേരെ ഓഡിഷൻ നടത്തിയിരുന്നു എന്നും നേരത്തെ ഒരു അഭിമുഖത്തിൽ ഗണപതി പറഞ്ഞിരുന്നു. ചിദംബരത്തിന്റെ മുൻ ചിത്രമായ മഞ്ഞുമ്മൽ ബോയ്സിന്റെയും കാസ്റ്റിംഗ് ഡയറക്ടർ ആയിരുന്നു ഗണപതി.
അതേസമയം സിനിമാതാരങ്ങൾ ഉൾപ്പെടെ സിനിമയെ പുകഴ്ത്തുകയാണ്. ചിദംബരം മൂന്നാം തവണയും ഞെട്ടിച്ചെന്നും പ്രകടനങ്ങൾ എല്ലാം മികച്ചതാണെന്നും നടൻ ബേസിൽ ജോസഫ് അഭിപ്രായപ്പെട്ടു. ബാലൻ ഒരു ക്ലാസിക് ആണെന്നും ചിദംബരത്തിന്റെ മാസ്റ്റർപീസ് ആണ് ചിത്രമെന്നും റാപ്പർ വേടൻ ചിത്രം കണ്ടതിന് ശേഷം പ്രതികരിച്ചു. ബാലൻ തന്നെ ഇമോഷണലാക്കിയെന്നും സിനിമയുടെ ടെക്നികൽ ടീം ഗംഭീരമായി പണിയെടുത്തിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ഗൗരി കിഷൻ, നീരജ് മാധവ്, പ്രകാശ് വർമ, സൗബിൻ ഷാഹിർ, അന്ന ബെൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തെ അഭിനന്ദിച്ചു. രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന സിനിമയാണിത്. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.
തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവ നിർമ്മിക്കുന്ന കെ വി എൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്.
Bro just proved how much casting can pull off a movie 😌#balan pic.twitter.com/P9bEWEfCzi
ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്. മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമ്മിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിംഗ് - വിവേക് ഹർഷൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: The film Balan is earning praise not only for its performances but also for its casting choices. Casting director Ganapathi has been widely appreciated for assembling a strong ensemble, with many calling the casting “brilliant” and the performances “surprising and impactful.” The film continues to receive positive attention from audiences and industry figures.