'സലിം കുമാറിന്റെ മകന്റെ വിഷമം നമ്മൾ കണ്ടു, മരിച്ച് കഴിഞ്ഞാൽ എന്നെ എത്രയും പെട്ടെന്ന് ചാരമാക്കണം'; നടൻ മഹേഷ്

തന്റെ മരണം ബന്ധുക്കള്‍ പോലും ദിനങ്ങള്‍ കഴിഞ്ഞ് അറിഞ്ഞാല്‍ മതിയെന്നന്നും മഹേഷ് കുറിക്കുന്നു

നടന്‍ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങില്‍ യുട്യൂബര്‍മാര്‍ വീഡിയോ എടുക്കാന്‍ വേണ്ടി തിക്കും തിരക്കും ഉണ്ടാക്കിയതിനെതിരെ പ്രതികരണവുമായി നടനും സംവിധായകനുമായ മഹേഷ്. താന്‍ മരിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ ചാരമാക്കമെന്നും നിശ്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ ആര്‍ക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'പ്രിയരെ, പ്രിയ സലിം കുമാര്‍ യാത്ര ആയപ്പോള്‍ ഓണ്‍ലൈന്‍ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മള്‍ കണ്ടു. ഞാന്‍ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്നെ മരണം എന്നെ പുല്‍കി മണിക്കൂര്‍ തികയ്ക്കും മുന്‍പേ വൈദ്യുതി ശ്മശാനത്തില്‍ എന്നെ ചാരമാക്കി മാറ്റണം.. ഒരു റീത്തും വേണ്ട.

നിശ്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ ആര്‍ക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കള്‍ പോലും ദിനങ്ങള്‍ കഴിഞ്ഞ് അറിഞ്ഞാല്‍ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓര്‍ത്താല്‍ മതി. മക്കള്‍ പോലും.' മഹേഷിന്റെ വാക്കുകള്‍.

സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങുകക്കിടയില്‍ പോലീസിന്റെ നടപടികള്‍ക്ക് മുന്നോടിയായി യൂട്യൂബേഴ്‌സ് വീഡിയോ എടുക്കാന്‍ തിരക്കു കൂട്ടിയപ്പോള്‍ സലീംകുമാറിന്റെ മകന്‍ ചന്തു സലീം പ്രതികരിച്ചിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ ഉയര്‍ന്നത്. മരണവീട്ടില്‍ പരിസരബോധമില്ലാതെ പെരുമാറുന്ന ഇത്തരക്കാര്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു.

Content Highlights: director and actor mahesh about his death

To advertise here,contact us