അഭിനയരംഗത്ത് സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇപ്പോഴും സംയുക്ത വർമ. നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷമാണ് സിനിമാ രംഗത്ത് നിന്നും സംയുക്ത മാറി നിന്നത്. കരിയറിലെ തുടക്ക കാലത്തും പിന്നീടും ബിജു മേനോൻ തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് സംയുക്ത. മഴ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് നനയാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ബിജു മേനോൻ തന്നോട് സംസാരിച്ചുവെന്നും കാണിക്കുന്നത് വളരെ ചീപ്പായി തോന്നുന്നുവെന്നും പറഞ്ഞുവെന്നും സംയുകത പറയുന്നു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സിനിമകൾ ചെയ്യുമ്പോൾ ഞാൻ അന്ന് വളരെ ചെറുപ്പമാണ്. ബുദ്ധിയില്ലാത്ത ഒരു പ്രായം എന്ന് വിചാരിച്ചോളൂ. അപ്പോൾ ചില സീനുകൾ വരുമ്പോൾ ഇതെനിക്ക് ചെയ്യാൻ വയ്യ, ഇതെനിക്ക് പറ്റില്ല എന്നൊക്കെ ഞാൻ പറയും. അന്ന് ഞങ്ങൾ തമ്മിൽ ഒരു അടുപ്പമോ സൗഹൃദമോ ഒന്നുമില്ലാത്ത കാലമാണ്. ബിജുവേട്ടൻ അങ്ങനെ പെട്ടെന്ന് സൗഹൃദത്തിലാകുന്ന വ്യക്തിയല്ല. എന്റെ അടുത്ത് ആദ്യമായി വന്ന് സംസാരിച്ചപ്പോൾ പറഞ്ഞു, ഈ സിനിമ എന്ന് പറയുന്നത് ഒരു വലിയ ഇൻഡസ്ട്രിയാണ്. ഇത്രയും ആൾക്കാർ മുഴുവൻ സംയുക്തയ്ക്കായി കാത്തിരിക്കുകയാണ്. 'മഴ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഞങ്ങൾ ആദ്യം ഒന്നിക്കുന്നത്.
ആദ്യത്തെ മൂന്ന് നാല് ദിവസം ഞങ്ങളൊരുമിച്ചുള്ള സീനുകൾ എടുക്കുമ്പോൾ ഞാനെന്തോ മഴ കൊള്ളാൻ പറ്റില്ലെന്നോ മറ്റോ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, ഇത്രയും ആൾക്കാർ മഴ നനഞ്ഞാണ് നിൽക്കുന്നത്. ഞാനും മഴ നനഞ്ഞാണ് നിൽക്കുന്നത്. അപ്പോൾ അതിന്റെ ഇടയിൽ വന്നിട്ട്, എനിക്ക് മഴ നനയാൻ പറ്റില്ല, എനിക്ക് ഈ വേഷം ഇടാൻ പറ്റില്ല ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ എനിക്ക് വളരെ 'ചീപ്പ്' ആയിട്ട് തോന്നുന്നു. അങ്ങനെ തന്നെ പറഞ്ഞു. കാരണം ഇതൊരു പ്രൊഫഷൻ ആണ്. ഈ പ്രൊഫഷനിൽ വരുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ നമ്മൾ അത് ചെയ്യണം. നമ്മുടെ ജോലി നമ്മൾ ചെയ്യണം. ഇല്ലെങ്കിൽ അത് വളരെ മോശമാണ്. ചെയ്യാൻ പറ്റില്ലെങ്കിൽ വീട്ടിലിരുന്നോളൂ. ഇങ്ങോട്ട് വരണ്ട. അങ്ങനെ അദ്ദേഹം പറഞ്ഞത് എനിക്കോർമ്മയുണ്ട്. അതുകഴിഞ്ഞ് ദക്ഷ് ഉണ്ടായതിന് ശേഷം എന്തോ ഒരു പരസ്യത്തിന്റെ ഷൂട്ടിനായി ഞങ്ങൾ പോയി.
അവിടെ ചെന്നപ്പോൾ മുതൽ ഞാൻ ദക്ഷിനെ കാണാഞ്ഞിട്ട് കരച്ചിലായിരുന്നു. അപ്പോഴും ബിജുവേട്ടൻ പറഞ്ഞു, ചിന്നു ഇത് നടക്കില്ല. ഇത് ഒരുപാട് പേർ ചേർന്ന് നടക്കുന്ന ഒന്നാണ്. അതിന്റെ ഇടയിൽ എനിക്ക് മോനെ കാണണം എനിക്ക് വീട്ടിലിരിക്കണം എന്നൊക്കെയാണെങ്കിൽ ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വീട്ടിലിരിക്കുകയോ അത് വേണ്ടെന്ന് വയ്ക്കുകയോ എന്താണെന്ന് വച്ചാൽ ചെയ്തോ. കാരണം, അങ്ങനെ ചെയ്യുമ്പോൾ എനിക്ക് ഭയങ്കര ദേഷ്യം വരും. ബിജുവേട്ടൻ വളരെ പ്രൊഫഷണൽ ആയിട്ടുള്ള ആളാണ്. അത് ഞാൻ മനസിലാക്കിയിട്ടുള്ള കാര്യമാണ്. കംഫർട്ടബിൾ അല്ലെങ്കിൽ ഞാൻ ചെയ്യാറില്ല. നന്നായിട്ട് നോക്കിയിട്ട് മതി, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് അദ്ദേഹം എപ്പോഴും പറയും". - സംയുക്ത വർമ പറഞ്ഞു.
Content Highlights: Samyuktha Varma has shared insights into the guidance and support she received from her husband, actor Biju Menon, both during her acting career and later in life. The actress reflected on how his advice helped shape her professional journey and personal outlook, offering fans a glimpse into their enduring bond and mutual respect.