തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിച്ച പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച് കൊണ്ട് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് 13 ദിനം പിന്നിട്ടപ്പോള്‍ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 400 കോടി കടന്നു എന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകള്‍ പറയുന്നത്. അതോടൊപ്പം ഈ വര്‍ഷം ഒരു തെന്നിന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷന്‍ കൂടെയാണ് ഈ ചിത്രം സ്വന്തമാക്കിയത്.
രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിച്ചത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
തെലുങ്ക് സംസ്ഥാനങ്ങളില്‍ ഗംഭീര കുതിപ്പ് തുടരുന്ന ചിത്രം, ഇന്ത്യക്കു പുറമേ വിദേശത്തും വമ്പന്‍ പ്രതികരണമാണ് നേടിയത്. ഓവര്‍സീസ് ഗ്രോസിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകള്‍ കേരളത്തിലും തമിഴ്നാട്ടിലും പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്.
പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ഹൈലൈറ്റ്, ടൈറ്റില്‍ കഥാപാത്രമായി രാം ചരണ്‍ നടത്തിയ ഗംഭീര പ്രകടനമാണ്. ചിത്രത്തിനായി വമ്പന്‍ ശാരീരിക പരിവര്‍ത്തനം നടത്തിയ രാം ചരണ്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ സമ്മാനിച്ചത്.
കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. രാം ചരണ്‍- ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്. മെഗാ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍, ആക്ഷന്‍, ഡ്രാമ, റൊമാന്‍സ്, ത്രില്‍, വൈകാരിക നിമിഷങ്ങള്‍ എന്നിവക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും നിര്‍ണ്ണായകമായ സ്ഥാനം ഉണ്ട്.
ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്.
രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്സ്, നിര്‍മ്മാണം - വെങ്കട സതീഷ് കിലാരു, ബാനര്‍ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസര്‍ - ഇഷാന് സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആര് റഹ്മാന്, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി.
Content Highlights: Ram Charan-Buchi Babu Sana's film Peddhi has grossed 400 crores worldwide