ഇനി രാഹുൽ സദാശിവന്റെ 'ഒടിയൻ'; ഭയപ്പെടുത്താൻ പൃഥ്വിരാജും മഞ്ജു വാര്യരും, നിർമാണത്തിൽ കരൺ ജോഹറും സുപ്രിയയും

ഡീയസ് ഈറേയ്ക്ക് ശേഷമുള്ള രാഹുല്‍ സദാശിവന്‍റെ പുതിയ ചിത്രമാണിത്.

ഹൊറർ സിനിമാ ഴോണറിൽ പുത്തൻ സിനിമാനുഭവങ്ങളും കഥ പറച്ചിൽ രീതികളുമായി അത്ഭുതപ്പെടുത്തുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഒടിയൻ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. റെഡ് റെയ്ൻ, ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നിവയ്ക്ക് ശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പൃഥ്വിരാജും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എമ്പുരാൻ, ലൂസിഫർ, പാവാട എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഒടിയൻ. പൃഥ്വിരാജ് നായകനായ പാവാടയിൽ അതിഥിവേഷത്തിലായിരുന്നു മഞ്ജു വാര്യർ എത്തിയിരുന്നത്. പൃഥ്വിരാജ് സംവിധായകൻ കൂടിയായ ലൂസിഫർ ഫ്രാഞ്ചൈസിയിൽ ഇരുവർക്കും കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിൽ മഞ്ജു വാര്യരും പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.

കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഒടിയനുണ്ട്. രാഹുൽ സദാശിവനെയും പൃഥ്വിരാജിനെയും മഞ്ജു വാര്യരെയും മലയാള സിനിമാ ഇൻഡസ്ട്രിയെുയം ഏറെ പ്രശംസിച്ചുകൊണ്ടാണ് ഒടിയന്റെ പ്രഖ്യാപനം കരൺ ജോഹർ നടത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്.

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ 2018ൽ ഒടിയൻ എന്ന പേരിൽ തന്നെ ചിത്രം പുറത്തിറക്കിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു ഈ സിനിമയുടെ നിർമാണം. നിർമാതാവിന്റെ അനുവാദത്തോടെ ഒരു സിനിമയുടെ ടൈറ്റിൽ മറ്റ് സിനിമയ്ക്ക് ഉപയോഗിക്കാം എന്ന നയമാണ് മലയാള സിനിമയിൽ പിന്തുടരുന്നത്. അങ്ങനെയാകാം ഒടിയൻ എന്ന പേര് രാഹുൽ സദാശിവൻ ചിത്രത്തിന് വീണ്ടും ഉപയോഗിക്കാനായത് എന്നാണ് കരുതപ്പെടുന്നത്.

ഒരു മോഹൻലാൽ പടത്തിന്റെ പേര് വീണ്ടും മറ്റൊരു ചിത്രത്തിൽ ഉപയോഗിക്കുമ്പോൾ അതും പുതിയ ഒടിയനെ കുറിച്ചുള്ള ആളുകളുടെ ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്. മോഹൻലാലിന്റെ ഒടിയനിലും നായിക മഞ്ജു വാര്യരായിരുന്നു എന്നതും കൗതുകം വർധിപ്പിക്കുന്നുണ്ട്. അതേസമയം, സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Content Highlights: Rahul Sadasivan announces new movie Odiyan starring Prithviraj and Manju Warrier. The horror genre movie will be produced by Karan Johar's Dharma Productions and Prithviraj Productions

To advertise here,contact us